'നിങ്ങള്‍ ആര്‍ക്കെതിരെയാണ് മുദ്രാവാക്യം വിളിക്കുന്നത്'; പ്രതിഷേധങ്ങളില്‍ പൊട്ടിത്തെറിച്ച് ബംഗളൂരു ടീം ഉടമ

മുംബൈ എഫ് സി ആരാധകരെ നിങ്ങള്‍ ആര്‍ക്കെതിരെ ആണ് മുദ്രാവാക്യം വിളിക്കുന്നത് എന്ന് അറിയാമോ, നിങ്ങളോ നിങ്ങളുടെ ക്ലബ്ബോ ഇന്ത്യന്‍ ഫുട്ബോളിന് ചെയ്തതിനേക്കാള്‍ മഹത്തായ കാര്യങ്ങള്‍ ആ ഒറ്റ മനുഷ്യന്‍ ഇന്ത്യന്‍ ഫുട്ബോളിന് ചെയ്തിട്ടുണ്ട്.

Bengaluru FC team owner Parth Jindal responds to Mumbai fans chant against Chehtri gkc

മുംബൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മുംബൈ സിറ്റി എഫ് സി-ബംഗളൂരു എഫ് സി സെമി ഫൈനല്‍ പോരാട്ടത്തിനിടെ ബംഗളൂരു എഫ് സി നായകന്‍ സുനില്‍ ഛേത്രിക്കും ബെംഗളൂരു ടീമിനുമെതിരെ ആരാധകര്‍ അസഭ്യവര്‍ഷം നടത്തുകയും കൂകി വിളിക്കുകയും ചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ബംഗളൂരു ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍. മുംബൈയിലെ ആരാധകര്‍ ബംഗളൂരു ടീമിനെതിരെ പ്രതിഷേധിക്കുന്നതിന്‍റെ  വീഡിയോ മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്രീനാഥ് ചന്ദ്രന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് ജിന്‍ഡാല്‍ മുംബൈ ആരാധകര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

മുംബൈ എഫ് സി ആരാധകരെ നിങ്ങള്‍ ആര്‍ക്കെതിരെ ആണ് മുദ്രാവാക്യം വിളിക്കുന്നത് എന്ന് അറിയാമോ, നിങ്ങളോ നിങ്ങളുടെ ക്ലബ്ബോ ഇന്ത്യന്‍ ഫുട്ബോളിന് ചെയ്തതിനേക്കാള്‍ മഹത്തായ കാര്യങ്ങള്‍ ആ ഒറ്റ മനുഷ്യന്‍ ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരന്‍റെയും ബഹുമാനം  അര്‍ഹിക്കുന്ന ജീവിക്കുന്ന ഇതിഹാസമാണ് അദ്ദേഹം. ഛേത്രിയെ നിങ്ങള്‍ ബഹുമാനിക്കുമെന്ന് കരുതുന്നു എന്നായിരുന്നു ജിന്‍ഡാലിന്‍റെ പ്രതികരണം.

ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരെ മുംബൈ സിറ്റി ആരാധകര്‍ മുദ്രാവാക്യം വിളികളും അസഭ്യവർഷവും നടത്തിയിരുന്നു. നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രിയുടെ വിവാദ ഗോളില്‍ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്.

ഗോബാക്ക് വിളികള്‍ക്കിടെ ഗോള്‍; വാമൂടാന്‍ മുംബൈ ആരാധകരോട് പറഞ്ഞ് ഛേത്രി- വീഡിയോ

മത്സരം ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബംഗളൂരു എഫ്സി ജയിച്ചതായി റഫറി പ്രഖ്യാപിച്ചു. ഇങ്ങനെ ഛേത്രിയും കൂട്ടരും സെമിയിലെത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന ആദ്യപാദ സെമിയില്‍ ഛേത്രിയുടെ ഗോളില്‍ ബെംഗളൂരു ജയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios