ഹസാര്‍ഡിന്റെ ഒരടിയില്‍ പറങ്കിപ്പട തീര്‍ന്നു; നിലവിലെ ചാംപ്യന്മാരെ മറികടന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍
പോര്‍ച്ചുഗല്‍ 23 ശ്രമങ്ങള്‍ നടത്തി. ഇതില്‍ നാലെണ്ണം മാത്രമാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് ക്വോട്ടുവായെ പരീക്ഷിച്ചത്. മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണമുണ്ടായിട്ടും പന്ത് ഗോള്‍വര കടത്താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനുമായില്ല.
സെവില്ല: വെടിച്ചില്ല് കണക്കെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഒരൊറ്റ ഷോട്ട്, നിലവിലെ യൂറോ കപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ നിലംപൊത്തി വീണു. ജയത്തോടെ ബെല്‍ജിയം ക്വാര്‍ട്ടിറിലേക്ക്. യഥാര്‍ത്ഥത്തില്‍ ആ ഒരൊറ്റ ഷോട്ട് മാത്രമാണ് ബല്‍ജിയം ലക്ഷ്യത്തിലേക്ക് പായിച്ചത്. നടത്തിയതാവട്ടെ ആറ് ശ്രമങ്ങള്‍ മാത്രം. എതിര്‍വശതത്ത് പോര്‍ച്ചുഗല്‍ 23 ശ്രമങ്ങള്‍ നടത്തി. ഇതില്‍ നാലെണ്ണം മാത്രമാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് ക്വോട്ടുവായെ പരീക്ഷിച്ചത്. മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണമുണ്ടായിട്ടും പന്ത് ഗോള്‍വര കടത്താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനുമായില്ല. വെള്ളിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറ്റലിയാണ് ബെല്‍ജിയത്തിന്റെ എതിരാളി.
പോര്‍ച്ചുഗലിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. റെനാറ്റോ സാഞ്ചസ് മധ്യനിര ഭരിച്ചപ്പോള്‍ അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം വന്നു. സാഞ്ചസില്‍ നിന്ന് പന്ത് സ്വീകരിച്ച് ഡിയോഗോ ജോട്ട തൊടുത്ത ഷോട്ട് പുറത്തേക്ക്. പിന്നീട് പറയത്തക്ക ഗോള്‍ ശ്രമങ്ങളൊന്നും ഇരുടീമും നടത്തിയില്ല. 25-ാ മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഫ്രീകിക്ക് ക്വോട്ടുവ അനായാസം തടുത്തിട്ടു. 37-ാം മിനിറ്റില്‍ തോമസ് മുനിയറിന്റെ ഷോട്ട് പോര്‍ച്ചുഗീസ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
42-ാം മിനിറ്റില്‍ തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഗോള്‍. ബോക്‌സിന് പുറത്ത് ഇടത് വിംഗില്‍ മുനിയറില്‍ നിന്ന് പന്ത് സ്വീകരിച്ച ഹസാര്‍ഡ് വലങ്കാലു കൊണ്ട് തൊടുത്ത ഷോട്ട് വല തുളച്ചു. വേഗംകൊണ്ട് ദിശമാറിയ പന്തില്‍ ഗോള്‍ കീപ്പര്‍ റൂയി പാട്രിഷ്യോക്ക് തൊടാനായില്ല. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്നു. 59-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഒരുക്കി കൊടുത്ത അവസരം ജോട്ട ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു. 61-ാം മിനിറ്റില്‍ ജോവോ ഫെലിക്‌സിന്റെ ഹെഡ്ഡര്‍ ക്വോട്ടുവ കയ്യിലൊതുക്കി.
82-ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ ഹെഡ്ഡര്‍ ക്വോട്ടുവ രക്ഷപ്പെടുത്തി. തൊട്ടടുത്ത നിമിഷം റാഫേല്‍ ഗ്യുറൈറോയുടെ നിലംപറ്റെയുള്ള ഒരു വോളി ബെല്‍ജിയന്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ഏഴ് മിനിറ്റുകള്‍ കൂടി ബെല്‍ജിയം പ്രതിരോധം കടുപ്പിച്ചതോടെ നിലവിലെ ചാംപ്യന്മാര്‍ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു.