സുവര്‍ണ തലമുറയ്ക്കൊപ്പം സൂപ്പര്‍ കോച്ചിനും പടിയിറക്കം; സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകന്‍
ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന് എത്തിയത്. ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതില്‍ കടുത്ത നിരാശയുണ്ടെന്ന് ബെല്‍ജിയം ഫുട്ബോള്‍ ഫെഡറേഷനും പ്രതികരിച്ചു.
ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിയുന്നതായി അറിയിച്ച് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്. ഖത്തറിലെ പുറത്താകലിന് പിന്നാലെ സ്ഥാനമൊഴിയുകയാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയോട് 0-0ന് സമനില വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണാണ് ബെല്‍ജിയത്തിന്‍റെ ഗോള്‍ഡന്‍ ജനറേഷന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്‍മാരായും ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തി.
'എന്‍റെ അവസ്ഥ വളരെ വ്യക്തമാണ്. പരിശീലക സ്ഥാനത്ത് എന്‍റെ അവസാനമാണിത്. ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. ദീര്‍ഘകാലം ടീമിനെ പരിശീലിപ്പിച്ച് വരികയായിരുന്നു. ഞാന്‍ രാജിവച്ച് ഒഴിയുന്നില്ല. അങ്ങനെ എന്‍റെ റോള്‍ അവസാനിക്കുകയാണ്' എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയം ഖത്തര്‍ ലോകകപ്പിന് എത്തിയത്. ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതില്‍ കടുത്ത നിരാശയുണ്ടെന്ന് ബെല്‍ജിയം ഫുട്ബോള്‍ ഫെഡറേഷനും പ്രതികരിച്ചു. സുവര്‍ണ തലമുറയ്ക്കൊപ്പം നേടിയ നേട്ടങ്ങള്‍ക്ക് മാര്‍ട്ടിനസിന് അസോസിയേഷന്‍ നന്ദി അറിയിച്ചു. പരിശീലകനും ടെക്‌നിക്കല്‍ ഡയറക്‌ടറും എന്ന നിലയില്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഫിഫ റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2018 റഷ്യന്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. 2021 യൂറോയ്ക്ക് യോഗ്യരായി. 2021 യുവേഫ നേഷന്‍സ് ലീഗില്‍ സെമിയിലെത്തി എന്നും ബെല്‍ജിയം ഫുട്ബോള്‍ അസോസിയേഷന്‍ സിഎഇ പീറ്റര്‍ ബൊസ്സാര്‍ട്ട് പറഞ്ഞു.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യ കടമ്പ പോലും കടക്കാതെ അടിതെറ്റുകയായിരുന്നു ബെൽജിയത്തിന്. ക്രൊയേഷ്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയത്തിന്‍റെ സുവർണ തലമുറ തലകുനിച്ച് മടങ്ങുന്നത്. ജീവന്മരണ പോരാട്ടം അതിജീവിക്കാനാവാതെ ചുവന്ന ചെകുത്താന്മാർ പുറത്താവുകയായിരുന്നു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയായിരുന്ന മോഡ്രിച്ചും കൂട്ടരും ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ചു. പതിനാലാം മിനുറ്റിൽ ക്രൊയേഷ്യക്ക് പെനാൽട്ടി കിട്ടിയെങ്കിലും വാർ പരിശോധനയിൽ നഷ്ടമായി. പിന്നീട് ലുക്കാക്കുവിനെ ഇറക്കിയെങ്കിലും ബെൽജിയത്തിന് രക്ഷയുണ്ടായില്ല. മൂന്ന് സുവർണാവസരങ്ങൾ ലുക്കാക്കു പാഴാക്കിയത് ടീമിന് തിരിച്ചടിയായി.