ടീമിലെ തമ്മിലടി; സാദിയോ മാനെയെ ഒഴിവാക്കാനൊരുങ്ങി ബയേണ്‍ മ്യൂണിക്
അടുത്ത സീസണിൽ തന്‍റെ ടീമിൽ വേണ്ടെന്ന് കോച്ച് തോമസ് ടുഷേൽ ടീം മാനേജ്മെന്‍റിനെ അറിയിച്ചത്. കോച്ചിന്‍റെ നിലപാടിനൊപ്പം നിൽക്കാനാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം.
മ്യൂണിക്: സഹതാരത്തോട് മോശമായി പെരുമാറിയ സാദിയോ മാനേയെ ബയേൺ മ്യൂണിക്ക് ഒഴിവാക്കുന്നു. ഈ സീസൺ അവസാനം മാനേയെ വിൽക്കാനാണ് ബയേണിന്‍റെ തീരുമാനം. ബാഴ്സലോണയിലേക്ക് ചേക്കേറിയ റോബർട്ട് ലെവൻഡോവ്സ്കിയുടെ പകരക്കാരനായി ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയ താരമാണ് സാദിയോ മാനേ. ലിവർപൂളിൽ ഗോളടിച്ച് കൂട്ടിയ സെനഗൽ നായകന് ഈ മികവ് ബയേണിൽ ആവർത്തിക്കാനായില്ല. ഇതിനിടെയാണ് വിവാദ സംഭവം ഉണ്ടായത്.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലില്‍ 0-3ന് ബയേണ്‍ തോറ്റ ശേഷം മാനേ സഹതാരം ലിറോയ് സാനേയുടെ മുഖത്തിടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കളിക്കളത്തില്‍ തുടങ്ങിയ വാഗ്വാദം ഡ്രസ്സിംഗ് റൂമിലേക്ക് നീളുകയും കയ്യാങ്കളിയായി മാറുകയുമായിരുന്നു. മോശമായി പെരുമാറിയ മാനേയെ ഒരുമത്സരത്തിൽ നിന്ന് വിലക്കിയ ബയേൺ പിഴ ചുമത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണിപ്പോൾ മാനേ അടുത്ത സീസണിൽ തന്‍റെ ടീമിൽ വേണ്ടെന്ന് കോച്ച് തോമസ് ടുഷേൽ ടീം മാനേജ്മെന്‍റിനെ അറിയിച്ചത്. കോച്ചിന്‍റെ നിലപാടിനൊപ്പം നിൽക്കാനാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം. മാത്രമല്ല, ഇരുപത് മില്യൺ യൂറോ വാർഷിക പ്രതിഫലം പറ്റുന്ന മാനേ, പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ലെന്നാണ് ബയേൺ മ്യൂണിക്കിന്‍റെ വിലയിരുത്തൽ. മാനെയെ കൈയൊഴിയാന്‍ ബയേണ്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബയേണിനായി ഇതുവരെ കളിച്ച 32 മത്സരങ്ങളില്‍ 11 ഗോളുകളാണ് മാനെ നേടിയത്. അവസാനം കളിച്ച എട്ട് ബുണ്ടസ് ലീഗ് മത്സരങ്ങളിലും ഗോളടിക്കാന്‍ മാനെക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് സഹതാരത്തെ മുഖത്തടിച്ച വിവാദ സംഭവം ഉണ്ടായത്. ബയേണ്‍ കൈവിട്ടാല്‍ മാനെ വീണ്ടും പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടർ രണ്ടാം പാദത്തില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിറങ്ങുകയാണ് ബയേണ്‍ മ്യൂണിക്. ആദ്യ പാദത്തിലേറ്റ 0-3 തോല്‍വി സ്വന്തം ഗ്രൗണ്ടില്‍ ബയേണിന് മറികടക്കാനാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.