കോലിയല്ലാതെ മറ്റാര്? ഇതിഹാസ ഗോള്‍ കീപ്പര്‍ നോയര്‍ക്കൊപ്പം ഇന്ത്യന്‍ താരത്തെ ചേര്‍ത്തുനിര്‍ത്തി ബയേണ്‍
ലീഗില്‍ മോശം ഫോമിലാണ് ബയേണ്‍. പത്ത് വര്‍ഷത്തിനിടെ ആദ്യമായി ബയേണിന് ബുണ്ടസ്ലിഗ കിരീടം നഷ്ടപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
മ്യൂണിക്ക്: ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കായിക ഐക്കണുകളില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്ന മൂന്നാമത്തെ കായികതാരം കൂടിയാണ് കോലി. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി എന്നിവര്‍ക്ക് പിന്നിലാണ് കോലി. ഇപ്പോള്‍ കോലിയെ ഇതിഹാസ ഗോള്‍ കീപ്പല്‍ മാനുവല്‍ നോയര്‍ക്ക് തുല്യനാക്കിയിരിക്കുകയാണ് ബുണ്ടസ് ലിഗ ക്ലബ് ബയേണ്‍ മ്യൂണിക്ക്. എക്‌സില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബയേണ്‍.
വ്യത്യസ്ത കായിക ഇനങ്ങളില്‍ നിന്നുള്ള രണ്ട് മികച്ച അത്‌ലറ്റുകളുടെ പേര് നല്‍കാനായിരുന്നു ആരാധകന്‍ ആവശ്യപ്പെട്ടത്. അവരുടെ ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍, വിരാട് കോലി എന്നീ രണ്ട് പേരുകള്‍ നല്‍കി ക്ലബ് മറുപടി നല്‍കി. കൂടാതെ അവരുടെ പേരുകള്‍ക്ക് ശേഷം ആട് ഇമോജികളും ചേര്‍ത്തിട്ടുണ്ട്. അതേസയം, ലീഗില്‍ മോശം ഫോമിലാണ് ബയേണ്‍. പത്ത് വര്‍ഷത്തിനിടെ ആദ്യമായി ബയേണിന് ബുണ്ടസ്ലിഗ കിരീടം നഷ്ടപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
നിലവില്‍ പോയിന്റ് ടേബിളില്‍ ബയേണ്‍ ലെവര്‍കൂസന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍. ഇരുവരും തമ്മില്‍ എട്ട് പോയിന്റ് വ്യത്യാസമുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ലാസിയോക്കെതിരെ ആദ്യപാദത്തിലും ബയേണ്‍ പരാജയപ്പെടുകയുണ്ടായി. ചാംപ്യന്‍സ് ലീഗ് കിരീട പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ അടുത്ത ആഴ്ച അലയന്‍സ് അരീനയില്‍ ഇറ്റാലിയന്‍ ക്ലബ്ബിനെ മറികടക്കേണ്ടി വരും.
ബിസിസിഐ പറഞ്ഞതുപോലെ ചെയ്തു! കിഷനേയും ശ്രേയസിനേയും വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി; സഞ്ജു തുടരും
അതേസമയം കോലി വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഭാര്യ അനുഷ്‌ക ശര്‍മ വീണ്ടും അമ്മയായതോടെയാണ് കോലി വിട്ടുനിന്നത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു.