ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു! ഖത്തര്‍ എയര്‍വേസുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കി ബയേണ്‍ മ്യൂണിക്ക്
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 0-3ന് ബയേണ്‍ തോറ്റ ശേഷം മാനേ സഹതാരം ലിറോയ് സാനേയുടെ മുഖത്തിടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കളിക്കളത്തില്‍ തുടങ്ങിയ വാഗ്വാദം ഡ്രസ്സിംഗ് റൂമിലേക്ക് നീളുകയും കയ്യാങ്കളിയായി മാറുകയുമായിരുന്നു.
മ്യൂണിക്ക്: ഖത്തര്‍ എയര്‍വേസുമായിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിച്ച് റദ്ദാക്കി. ആരാധകരുടെ ആവശ്യത്തെ തുടര്‍ന്നാണ് ക്ലബിന്റെ തീരുമാനം. പരസ്പര ധാരണയോടെ പിരിഞ്ഞതായി ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഖത്തര്‍ സര്‍ക്കാരിന് കീഴിലാണ് എയര്‍വേസ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും ഖത്തര്‍ എയര്‍വേസിന്റെ ലോഗോയുള്ള ജഴ്‌സിയണിഞ്ഞാണ് ബയേണ്‍ കളിക്കാനിറങ്ങിയിരുന്നത്. മാത്രമല്ല ഖത്തറില്‍ പരിശീലന ക്യാംപുകളും ബയേണ്‍ സംഘടിപ്പിച്ചിരുന്നു.
ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടികാണിച്ചാണ് ആരാധകര്‍ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. കരാര്‍ പുതുക്കരുതെന്ന് നേരത്തേയും ആവശ്യപ്പെട്ടിരുന്നു. ഇത്തവണയും ബയണ്‍ ജര്‍മന്‍ ലീഗ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ യുവേഫ ചാംപ്യന്‍സ് ലീഗില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി. മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റാണ് ബയേണ്‍ പുറത്തായത്. പിന്നാലെ ടീമില്‍ പടലപിണക്കങ്ങളും ആരംഭിച്ചു.
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ 0-3ന് ബയേണ്‍ തോറ്റ ശേഷം മാനേ സഹതാരം ലിറോയ് സാനേയുടെ മുഖത്തിടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കളിക്കളത്തില്‍ തുടങ്ങിയ വാഗ്വാദം ഡ്രസ്സിംഗ് റൂമിലേക്ക് നീളുകയും കയ്യാങ്കളിയായി മാറുകയുമായിരുന്നു. മോശമായി പെരുമാറിയ മാനേയെ ഒരുമത്സരത്തില്‍ നിന്ന് വിലക്കിയ ബയേണ്‍ പിഴ ചുമത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണിപ്പോള്‍ മാനേ അടുത്ത സീസണില്‍ തന്റെ ടീമില്‍ വേണ്ടെന്ന് കോച്ച് തോമസ് ടുഷേല്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചത്. കോച്ചിന്റെ നിലപാടിനൊപ്പം നില്‍ക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. മാത്രമല്ല, ഇരുപത് മില്യണ്‍ യൂറോ വാര്‍ഷിക പ്രതിഫലം പറ്റുന്ന മാനേ, പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ലെന്നാണ് ബയേണ്‍ മ്യൂണിക്കിന്റെ വിലയിരുത്തല്‍. മാനെയെ കൈയൊഴിയാന്‍ ബയേണ്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.