ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണ ഇന്ന് പിഎസ്ജിക്കെതിരെ; അത്‌ലറ്റികോയ്ക്ക് എതിരാളി ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
ഹോം ഗ്രൌണ്ടില്‍ വ്യക്തമായ ലീഡ് ലക്ഷ്യമിട്ട് പിഎസ്ജി ഇറങ്ങുമ്പോള്‍ നിര്‍ണായകമാവുക കിലിയന്‍ എംബാപ്പേയുടെ സ്‌കോറിംഗ് മികവ്.
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ബാഴ്‌സലോണ, പി എസ് ജിയെയും അത്‌ലറ്റിക്കോ മാഡ്രിഡ്, ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെയും നേരിടും. യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രതാപം വീണ്ടെടുക്കാന്‍ സാവി ഹെര്‍ണാണ്ടസിന്റെ തന്ത്രങ്ങളുമായി ബാഴ്‌സലോണ. ആദ്യ കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിയുടെ പ്രതീക്ഷ ബാഴ്‌സയെ അവസാനമായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ ലൂയിസ് എന്റികെയുടെ തന്ത്രങ്ങളില്‍.
ഹോം ഗ്രൌണ്ടില്‍ വ്യക്തമായ ലീഡ് ലക്ഷ്യമിട്ട് പിഎസ്ജി ഇറങ്ങുമ്പോള്‍ നിര്‍ണായകമാവുക കിലിയന്‍ എംബാപ്പേയുടെ സ്‌കോറിംഗ് മികവ്. ഈ സീസണോടെ പിഎസ്ജിയോട് വിടപറയുന്ന എംബാപ്പേ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന്റെ തിളക്കം സ്വപ്നം കാണുന്നു. ക്യാപ്റ്റന്‍ മാര്‍ക്വീഞ്ഞോസ് പരിക്ക് മാറി പ്രതിരോധ നിരയെ നയിക്കാനെത്തുമ്പോള്‍ എംബാപ്പേയ്ക്ക് കൂട്ടായി ഒസ്മാന്‍ ഡെംബലേയും ഗോണ്‍സാലോ റാമോസും മുന്‍നിരയിലുണ്ടാവും.
യുവതാരം ലാമിന്‍ യമാലായിരിക്കും പിഎസ്ജിയുടെ നോട്ടപ്പുള്ളി. ഗോളടിച്ചും ഗോളടിപ്പിച്ചും പതിനേഴാം വയസ്സില്‍ തന്നെ ശ്രദ്ധേയനായ യമാലിനൊപ്പം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും റഫീഞ്ഞയും ആക്രമണത്തിനിറങ്ങും. പരിക്കേറ്റ പെഡ്രിയുടെയും ഗാവിയുടേയും അഭാവം മറികടക്കുകയാവും ഡിയോംഗിന്റെയും ഗുണ്ടോഗന്റെയും വെല്ലുവിളി. പിഎസ്ജിയും ബാഴ്‌സയും 12 കളിയില്‍ ഏറ്റുമുട്ടി. ഇരുടീമിനും നാല് ജയം വീതം. നാല് കളി സമനിലയില്‍.
ഡിഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഹോം ഗ്രൌണ്ടിലാണ് ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ നേരിടാനിറങ്ങുന്നത്. അല്‍വാരോ മൊറാട്ടയ്‌ക്കൊപ്പം അന്റോയ്ന്‍ ഗ്രീസ്മാന്‍ പരിക്ക് മാറിയെത്തുന്നത് അത്‌ലറ്റിക്കോയ്ക്ക് ആശ്വാസം. അത്‌ലറ്റിക്കോയും ബൊറൂസ്യയയും ഇതുവരെ സമനിലയില്‍ പിരിഞ്ഞിട്ടില്ല. ഏറ്റുമുട്ടിയ നാല് കളിയില്‍ ഇരുടീമിനും രണ്ടുജയം വീതം.