മെസി വന്നേ പറ്റൂ! ഇതിഹാസത്തെ വീണ്ടുമെത്തിക്കാന്‍ ബാഴ്സ ഒഴിവാക്കുന്നത് ബ്രസീലിയന്‍ താരം ഉള്‍പ്പെടെ മൂന്ന് പേരെ
യുവതാരങ്ങളായ അന്‍സു ഫാറ്റി, റഫീഞ്ഞ, ഫെറാന്‍ ടോറസ് എന്നിവരെയാണ് ബാഴ്‌സ വില്‍ക്കാനൊരുങ്ങുന്നത്. ശമ്പള ബില്‍ കുറച്ച് മെസിയുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനൊപ്പം മുന്നേറ്റനിര ഉടച്ചുവാര്‍ക്കുക കൂടിയാണ് ബാഴ്‌സയുടെ ലക്ഷ്യം.
ബാഴ്‌സലോണ: ലിയോണല്‍ മെസിയെ കാംപ്നൗവില്‍ തിരികെ എത്തിക്കാന്‍ കടുത്ത നടപടികളുമായി ബാഴ്‌സലോണ മുന്നോട്ട്. സീസണ്‍ അവസാനത്തോടെ മൂന്ന് പ്രധാനതാരങ്ങളെ വില്‍ക്കാനാണ് ബാഴ്‌സലോണയുടെ തീരുമാനം. ക്ലബിന്റെ എക്കാലത്തേയും മികച്ച താരമായ മെസിയെ തിരികെ എത്തിക്കാന്‍ സാധ്യമായ വഴികളെല്ലാം നോക്കുകയാണ് ബാഴ്‌സലോണ. സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ന്ന ശമ്പള ബില്ലുമാണ് ബാഴ്‌സയുടെ പ്രതിസന്ധി. ഇത് മറികടക്കാന്‍ പുതിയ സ്‌പോണ്‍സര്‍മാരെ തേടുന്ന ബാഴ്‌സലോണ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മൂന്ന് താരങ്ങളെ വിറ്റൊഴിവാക്കും.
യുവതാരങ്ങളായ അന്‍സു ഫാറ്റി, റഫീഞ്ഞ, ഫെറാന്‍ ടോറസ് എന്നിവരെയാണ് ബാഴ്‌സ വില്‍ക്കാനൊരുങ്ങുന്നത്. ശമ്പള ബില്‍ കുറച്ച് മെസിയുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനൊപ്പം മുന്നേറ്റനിര ഉടച്ചുവാര്‍ക്കുക കൂടിയാണ് ബാഴ്‌സയുടെ ലക്ഷ്യം. മെസിയുടെ പിന്‍ഗാമി എന്ന വിശേഷണത്തോടെ ബാഴ്‌സലോണ അക്കാഡമിയില്‍ നിന്ന് സീനിയര്‍ ടീമിലെത്തിയ താരമാണ് അന്‍സു ഫാറ്റി. മെസിയുടെ ആദ്യകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് വരവറിയിച്ച ഫാറ്റി നിരന്തരം പരിക്കിന്റെ പിടിയാലാവുകയും തുടക്കത്തിലേ മികവ് നഷ്ടമാവുകയും ചെയ്തു.
മെസിക്ക് ശേഷം ക്ലബിന്റെ പത്താം നമ്പര്‍ ജഴ്‌സി അണിയുന്ന ഫാറ്റിയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കമുള്ള ക്ലബുകള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് സൂചന. പ്രീമിയര്‍ ലീഗില്‍ നിന്ന് സ്വന്തമാക്കിയ റഫിഞ്ഞയും ഫെറാന്‍ ടോറസും ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. റഫീഞ്ഞയെ സ്വന്തമാക്കാന്‍ ചെല്‍സിയും ടോറസിനായി അത്‌ലറ്റിക്കോ മാഡ്രിഡും ഇന്റര്‍ മിലാനും താല്‍പര്യം അറിയിച്ചിട്ടുണ്ട്.
ഈ മൂന്ന് താരങ്ങളെ വിറ്റൊഴിവാക്കുന്നതിലൂടെ ബാഴ്‌സലോണയുടെ ശമ്പള ബില്ലില്‍ കാര്യമായ കുറവുണ്ടാവും. ഇതോടൊപ്പം മെസിയുമായി കരാര്‍ ഒപ്പുവയ്ക്കാനുള്ള വഴി തെളിയുകയും ചെയ്യും. മെസി പിഎസ്ജിയുമായി കരാര്‍ പുതുക്കില്ലെന്നും സീസണിനൊടുവില്‍ ക്ലബ് വിടുമെന്നും ഉറപ്പായിട്ടുണ്ട്.