ക്ലോപ്പിനെ ബാഴ്‌സലോണയ്ക്ക് കിട്ടിയേക്കില്ല! പകരം ലണ്ടനില്‍ നിന്ന് മറ്റൊരു വമ്പന്‍ ക്ലബിന്റെ പരിശീലകന്‍
ലിവര്‍പൂളിന്റെ എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായ ക്ലോപ്പ്, ടീം ഉഗ്രന്‍ ഫോമില്‍ കളിക്കുമ്പോഴാണ് സ്ഥാനം ഒഴിയുന്നത്.
ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ രണ്ട് പ്രമുഖ പരിശീലകരാണ് ഈ സീസണോടെ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പിന്നാലെ കൂടുതല്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആരാധകരേയും എതിരാളികളേയും ഒരുപോലെ അമ്പരപ്പിച്ചാണ് യുര്‍ഗന്‍ ക്ലോപ് ഈ സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ വിടുകയാണെന്ന് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ബാഴ്‌സലോണ കോച്ച് സാവിയും ചുമതല ഒഴിയുകയാണെന്ന് വ്യക്തമാക്കി.
ലിവര്‍പൂളിന്റെ എക്കാലത്തേയും മികച്ച പരിശീലകരില്‍ ഒരാളായ ക്ലോപ്പ്, ടീം ഉഗ്രന്‍ ഫോമില്‍ കളിക്കുമ്പോഴാണ് സ്ഥാനം ഒഴിയുന്നത്. ഒരുവര്‍ഷത്തെ വിശ്രമമാണ് ക്ലോപ്പ് ആഗ്രിക്കുന്നതെന്നും ഇതിന് ശേഷം ജര്‍മ്മന്‍ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേക്കുമെന്നാണ് സൂചന. ക്ലോപ്പിനെ മുഖ്യപരിശീകനായി നിയമിക്കാന്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷത്തെ യൂറോക്കപ്പിന് മുന്നേ ക്ലോപ്പിനെ ടീമിന്റെ ചുമതല ഏല്‍പ്പിക്കുകയാണ് ജര്‍മ്മനിയുടെ ലക്ഷ്യം. സാവിയുടെ ഒഴിവില്‍ ബാഴ്‌സയും ഒരു ശ്രമം നടത്തിയേക്കും.
വിശ്രമം എന്ന തീരുമാനത്തില്‍ ക്ലോപ്പ് ഉറച്ചുനിന്നാല്‍ 2026 ലോകകപ്പ് ലക്ഷ്യമിട്ടാവും ക്ലോപ്പിന്റെ നിയമനം. മികച്ച താരങ്ങളുണ്ടായിട്ടും ബാഴ്‌സലോണയുടെ മോശം പ്രകടനാണ് ക്ലബിന്റെ ഇതിഹാസതാരം കൂടിയായ സാവിയുടെ പടിയിറക്കത്തിന് കാരണമായത്. സാവിക്ക് പകരം ആഴ്‌സണല്‍ കോച്ച് മികേല്‍ അര്‍ട്ടേറ്റയെയാണ് ബാഴ്‌സോലണ നോട്ടമിട്ടിരിക്കുന്നത്. ബാഴ്‌സലോണയുടെ പരിശീലക പദവി ഏറ്റെടുക്കാന്‍ അര്‍ട്ടേറ്റ ഈ സീസണ്‍ അവസാനം ആഴ്‌സണല്‍ വിടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലപോര്‍ട്ടയ്ക്ക് ഏറെ ഇഷ്ടപ്പെട്ട പരിശീലകനാണ് സ്‌പെയ്ന്‍കാരനായ അര്‍ട്ടേറ്റ. വലിയ തിരിച്ചടികള്‍ നേരിട്ട ആഴ്‌സണലിനെ 2019ല്‍ ചുമതലയേറ്റ അര്‍ട്ടേറ്റയാണ് പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിച്ചത്.