'പോന്നോട്ടെ, ഓരോരുത്തരായി പോന്നോട്ടെ'; മെസിക്കൊപ്പം ചിത്രം വേണം, നീണ്ട ക്യുവുമായി ഓസ്ട്രേലിയൻ താരങ്ങള്‍
ക്രെയ്ഗ് ഗുഡ്‍വിന്‍, കീനു ബക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്.
ദോഹ: ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്‍റീനയോട് പരാജയപ്പെട്ട ശേഷം ഇതിഹാസ താരം ലിയോണല്‍ മെസിക്കൊപ്പം ഫോട്ടോയെടുത്താന്‍ എത്തിയത് നിരവധി ഓസ്ട്രേലിയന്‍ താരങ്ങള്‍. മെസി വരുന്നതും കാത്ത് ഡ്രെസിംഗ് റൂമില്‍ കാത്തുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഏഴോളം ഓസ്ട്രേലിയന്‍ താരങ്ങളാണ് മെസിക്കെപ്പം ചിത്രമെടുക്കാന്‍ എത്തിയത്.
ക്രെയ്ഗ് ഗുഡ്‍വിന്‍, കീനു ബക്കസ്, ജോയല്‍ കിംഗ്, മാര്‍ക്കോ ടിലിയോ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്.
ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ഖത്തര്‍ ലോകകപ്പില്‍ തന്‍റെ പ്രതിഭ മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ഒരിക്കൽക്കൂടി അർജന്‍റീനയുടെ രക്ഷകനായി മാറുകയായിരുന്നു ലിയോണൽ മെസി. കളിച്ചും കളിപ്പിച്ചും കളിക്കളം വാണ മെസിയാണ് ഇത്തവണയും മാൻ ഓഫ് ദി മാച്ച്. പതിവിലും ശാന്തനായിരുന്നു ലിയോണൽ മെസി. നോക്കൗട്ടിന്‍റെ സമ്മർദമോ അർജൻന്‍റൈന്‍ പ്രതീക്ഷകളുടെ ഭാരമോ ആയിരാമത്തെ മത്സരത്തിന്‍റെ പിരിമുറുക്കമോ ആ മുഖത്തുണ്ടായിരുന്നില്ല.
ഖത്തറിൽ അർജന്‍റീന ലോക കിരീടമെന്ന സ്വപ്നം പൂത്ത് തളിർക്കുന്നത് മെസിയുടെ ഇടങ്കാലിനെ ചുറ്റിപ്പറ്റിയാണ്. ആഹ്ളാദാരവങ്ങള്‍ക്കുള്ള കാത്തിരിപ്പിന്‍റെ കെട്ടുപൊട്ടിക്കാൻ മെസിക്ക് മത്സരം തുടങ്ങി വെറും 35 മിനിറ്റേ വേണ്ടിവന്നുള്ളൂ. സൂചിക്കുഴയിലൂടെ ഒട്ടകത്തെ കടത്തുംപോലെ, മഞ്ഞക്കൂപ്പായക്കൂട്ടത്തിന് ഇടയിലൂടെ കവിത പോലെ മനോഹരമായ ഗോള്‍ പിറന്നു. ലോകകപ്പിൽ മെസിയുടെ ഒൻപതാം ഗോളാണ് ഓസ്ട്രേലിയക്കെതിരെ അടിച്ചത്. എട്ട് ഗോൾ നേടിയ മറഡോണ ഇനി മെസിക്ക് പിന്നിലാണ്. മുന്നിലുള്ളത് പത്തു ഗോളുള്ള ബാറ്റിസ്റ്റ്യൂട്ട മാത്രം.