ഏഷ്യന്‍ ഫെഡറേഷന്‍ കപ്പ് അണ്ടര്‍ 19 ഫുട്ബോള്‍ ചാമ്പ്യൻഷിപ്പ്: സൗദിയോടും ഇന്ത്യക്ക് തോല്‍വി
ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ദമ്മാം: ഏഷ്യന്‍ ഫെഡറേഷന്‍ കപ്പ് അണ്ടര്‍ 19 ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്കു തോൽവി. ദമ്മാമിൽ നടന്ന മത്സരത്തിൽ നാല് ഗോളുകൾക്കാണ് ഇന്ത്യ സൗദി അറേബ്യയോട് പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാക്ക പ്രിൻസ് സൗദ് ബിൻ ജലവി സ്റ്റേഡിയത്തിലായിരുന്നു മത്സരം. രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യക്കെതിരെ സൗദിയുടെ ആദ്യ ഗോൾ പിറന്നു. പത്താം മിനുട്ടിൽ രണ്ടാമത്തെ ഗോൾ.
ഇന്ത്യയുടെ പ്രതിരോധം തീർത്തും ദുർബലമായപ്പോൾ പതിനെട്ടാം മിനുട്ടിലും ഇരുപത്തിയെട്ടാം മിനുട്ടിലും സൗദി വീണ്ടും ഇന്ത്യയുടെ ഗോൾ വലചലിപ്പിച്ച് സ്കോർ നില നാലായി ഉയർത്തി. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ എത്തിയ മലയാളി കായിക പ്രേമികൾക്ക് സ്റ്റേഡിയത്തിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും ടീം ഇന്ത്യയുടെ പരാജയത്തിൽ നിരാശരായി മടങ്ങേണ്ടിവന്നു.
ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
നാളെ അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ ഗ്രൂപ്പ് എഫിലെ അവസാന മല്‍സരം. ആദ്യ രണ്ടു മത്സരങ്ങളിലെ പരാജയങ്ങളും ഉൾക്കൊള്ളുന്നതായും എന്നാൽ അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിൽ വിജയ പ്രതീക്ഷയുണ്ടെന്നും ഇന്ത്യൻ കോച്ച് ഫ്ലോയ്ഡ് പിന്‍റെ പറഞ്ഞു.