അർജന്‍റൈൻ ടീമിന്‍റെ പരിശീലന ക്യാമ്പിന് മെസിയുടെ പേര്
നിരവധി പ്രഗൽഭ താരങ്ങളുണ്ടായിട്ടും പരിശീലനകേന്ദ്രത്തിന് തന്‍റെ പേര് നൽകിയതിലും ജീവിച്ചിരിക്കെ തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയതിലും അതിയായ സന്തോഷമെന്ന് ലിയോണല്‍ മെസി പറഞ്ഞു
ബ്യൂണസ് അയേഴ്‌സ്: അർജന്‍റൈൻ ഫുട്ബോൾ ടീമിന്‍റെ പരിശീലന ക്യാമ്പിന് ഇനി ലിയോണൽ മെസിയുടെ പേര്. എസൈസയിലെ പരിശീലന കോംപ്ലക്‌സിനാണ് ഇതിഹാസ താരത്തിന്‍റെ പേര് നൽകിയത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ആദരമാണിതെന്ന് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ പറഞ്ഞു. നിലവിലെ അർജന്‍റൈൻ ടീമിലെ താരങ്ങളുടേയും 2014 മുതൽ ലോകകപ്പിൽ കളിച്ച താരങ്ങളുടെയും സാന്നിധ്യത്തിലാണ് ഹൗസിംഗ് കോംപ്ലക്‌സിന് ലിയോണല്‍ മെസിയുടെ പേര് നൽകിയത്.
നിരവധി പ്രഗൽഭ താരങ്ങളുണ്ടായിട്ടും പരിശീലനകേന്ദ്രത്തിന് തന്‍റെ പേര് നൽകിയതിലും ജീവിച്ചിരിക്കെ തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയതിലും അതിയായ സന്തോഷമെന്ന് ലിയോണല്‍ മെസി പറഞ്ഞു. ഹവിയർ മഷറാനോ, സെർജിയോ റൊമേറോ, മാർക്കോസ് റോഹോ, മാക്സി റോഡ്രിഗസ് തുടങ്ങിയ മുൻതാരങ്ങളെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖത്തറിലെ കിരീടധാരണത്തിലൂടെ നീണ്ട കാത്തിരിപ്പിന് ശേഷം ഫിഫ ലോകകപ്പ് കിരീടം അര്‍ജന്‍റീനയിലെത്തിച്ച താരമാണ് മെസി.
അര്‍ജന്‍റീനയ്‌ക്ക് ഖത്തര്‍ ലോകകപ്പ് കിരീടം സമ്മാനിച്ച ലിയോണല്‍ മെസി കരിയറില്‍ 800 ഗോളുകളെന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടിരുന്നു. കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന മൂന്നാം താരമെന്ന നേട്ടമാണ് സൗഹൃദ മത്സരത്തില്‍ പാനമയ്ക്കെതിരായ ഗോളോടെ മെസി സ്വന്തം കാല്‍ക്കീഴിലാക്കിയത്. 828 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. അത്യുഗ്രന്‍ മഴവില്‍ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസി ചരിത്രം പട്ടികയിലെത്തിയത്. ഇതോടെ രാജ്യാന്തര കരിയറില്‍ മെസിയുടെ ഗോള്‍ നേട്ടം 99ലെത്തി. ഒരു ഗോള്‍ കൂടി അര്‍ജന്‍റൈന്‍ കുപ്പായത്തില്‍ നേടിയാല്‍ അന്താരാഷ്‍ട്ര കരിയറിൽ 100 ഗോളിലെത്തുന്ന മൂന്നാമത്തെ താരമാകും മെസി.
ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റണ്‍വേട്ടക്കാരന്‍ പൃഥ്വി ഷായാവും; കാരണങ്ങള്‍ നിരവധി