അര്‍ജന്റീനയുടെ 19കാരന്‍ അലസാന്ദ്രോ ഗര്‍നാച്ചോ അച്ഛനാകുന്നു; പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം
അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി അഞ്ച് വര്‍ഷത്തെ കരാര്‍ പുതുക്കിയിരുന്നു ഗര്‍നാച്ചോ. 2028 വരെയാണ് പുതിയ കരാര്‍. ഇതിനിടെയാണ് സന്തോഷ വാര്‍ത്തകൂടി താരം പുറത്തുവിട്ടത്.
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റൈന്‍ യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോ അച്ഛനാവുന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. സ്‌പെയ്‌നില്‍ നിന്നുള്ള തന്റെ പങ്കാളി ഇവ ഗാര്‍സിയക്കൊപ്പമുള്ള ചിത്രവും 19കാരന്‍ പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി അഞ്ച് വര്‍ഷത്തെ കരാര്‍ പുതുക്കിയിരുന്നു ഗര്‍നാച്ചോ. 2028 വരെയാണ് പുതിയ കരാര്‍. ഇതിനിടെയാണ് സന്തോഷ വാര്‍ത്തകൂടി താരം പുറത്തുവിട്ടത്. മാത്രമല്ല, അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ അരങ്ങേറാനും ഗര്‍നാച്ചോയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ഗര്‍നാച്ചോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് കാണാം...
ഓസ്‌ട്രേലിയക്കെതിരെ സൗഹൃദ മത്സരത്തിലാണ് ഗര്‍നാച്ചോ അര്‍ജന്റീന ജേഴ്‌സിയില്‍ അരങ്ങേറിയത്. സ്പാനിഷ് പൗരത്വമുള്ള ഗര്‍നാച്ചോ ജൂനിയര്‍ തലത്തില്‍ സ്‌പെയ്‌നിന് വേണ്ടി കളിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് താരം സ്പാനിഷ് ടീമില്‍ കളിക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു.
ഇത്തരം വാര്‍ത്തകളില്‍ ഗര്‍നാച്ചോ തന്നെ വ്യക്തത വരുത്തിയിരുന്നു. ''ഞാന്‍ അര്‍ജന്റീനക്കാരനാണ്. ടീം വളരെ വിശാലമാണ്. എനിക്ക് വന്നുചേര്‍ന്നിരിക്കുന്നത് വലിയ അവസരമാണ്. ഞാന്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നതില്‍ എന്റെ കുടുംബവും സന്തുഷ്ടരാണ്. തുടക്കം മുതല്‍ അവരെന്നെ പിന്തുണയ്ക്കുന്നു.'' ഗര്‍നാച്ചോ വ്യക്തമാക്കി.
യുണൈറ്റഡിനൊപ്പം മികച്ച ഫോമില്‍ കളിച്ച ഗാര്‍നാച്ചോയ്ക്ക് കണങ്കാലിന് പരിക്കേറ്റതിനാല്‍ മാര്‍ച്ചില്‍ പനാമയ്ക്കും കുറക്കാവോയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ നഷ്ടമായിരുന്നു. സ്വന്തം രാജ്യത്ത് നടന്ന അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കാനും താരത്തിന് കഴിഞ്ഞില്ല.