'താരങ്ങള്‍ മരിച്ച അവസ്ഥയില്‍'; പക്ഷേ അര്‍ജന്‍റീനയുടെ ജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച് വാൻ ഗാള്‍
ലോകകപ്പിന് മുമ്പ് ക്ലബ്ബുകളില്‍ പെനാല്‍റ്റി എടുത്ത് പരിശീലിക്കണമെന്ന് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി വാന്‍ ഗാള്‍ പറഞ്ഞു
ദോഹ: ഖത്തര്‍ ലോകകപ്പിലെ വാശിയേറിയ മത്സരത്തിനൊടുവില്‍ നെതര്‍ലാന്‍ഡ‍്സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമി ഫൈനലില്‍ എത്തിയിരുന്നു. രണ്ട് ഗോളിന് മുന്നില്‍ നിന്ന അര്‍ജന്‍റീനക്കെതിരെ അതിവേഗം തിരിച്ചടിച്ച് കൊണ്ടാണ് നെതര്‍ലാന്‍ഡ്സ് കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടിയെടുത്തത്. പിന്നീട് നടന്ന ഷൂട്ടൗട്ടില്‍ എമിലാനോ മാര്‍ട്ടിനസിന്‍റെ മിന്നും സേവുകളാണ് അര്‍ജന്‍റീനയെ അവസാന നാലില്‍ എത്തിച്ചത്.
തോല്‍വിയെ കുറിച്ച് ഇപ്പോള്‍ നെതര്‍ലാന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ ഗാള്‍ പ്രതികരിച്ചിരിക്കുകയാണ്. ലോകകപ്പിന് മുമ്പ് ക്ലബ്ബുകളില്‍ പെനാല്‍റ്റി എടുത്ത് പരിശീലിക്കണമെന്ന് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി വാന്‍ ഗാള്‍ പറഞ്ഞു. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം സമനില നേടി തിരിച്ചെത്താന്‍ സാധിച്ചുവെന്നുള്ളത് മികച്ച നേട്ടം തന്നെയാണ്. പക്ഷേ, പിന്നീട് പെനാല്‍റ്റികളില്‍ തോല്‍ക്കുന്നത് വളരെ പ്രയാസകരമാണെന്ന് വാന്‍ ഗാള്‍ പറഞ്ഞു.
തനിക്ക് സ്വയം കുറ്റപ്പെടുത്താന്‍ പോലും കഴിയില്ല. എല്ലാ തയാറെടുപ്പുകള്‍ നടത്തി. തന്‍റെ കളിക്കാര്‍ അവസാനം വരെ പോരാടി. ഒടുവില്‍ മത്സര ശേഷം ഡ്രെസിംഗ് റൂമില്‍ താരങ്ങള്‍ എല്ലാവരും മരിച്ച അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരത്തിനായി അവര്‍ എല്ലാം സമര്‍പ്പിച്ചു. അതില്‍ അഭിമാനിക്കുന്നു. 20 മത്സരങ്ങള്‍ തുടര്‍ച്ചയായി തോല്‍ക്കാതിരിക്കാന്‍ സാധിച്ചു. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തി. അത് പിന്നീട് പെനാൽറ്റി എടുക്കുന്നവരിൽ സമ്മർദ്ദം ചെലുത്തി.
അര്‍ജന്‍റീനയുടെ ജയം ലോട്ടറിയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ വിജയം നേടിയതെന്നും ഡച്ച് കോച്ച് പറഞ്ഞു. അതേസമയം, വാന്‍ ഗാളിനെതിരെ അര്‍ജന്‍റീന താരങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഫുട്ബോളില്‍ ഗ്രൗണ്ടിലാണ് കളിച്ചു കാണിക്കേണ്ടത്. എന്നാല്‍, കളിക്ക് മുമ്പെ അവര്‍ ഒരുപാട് വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞുവെന്ന് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലാനോ മാര്‍ട്ടിനസ് പറഞ്ഞു.
അതാണ് കളി ചൂടാക്കിയത്. അതെന്നെ കരുത്തനാക്കി. വാന്‍ ഗാള്‍ വായടക്കുകയാണ് വേണ്ടത്. കളിയുടെ നിശ്ചിത സമയത്ത് നിര്‍ണായക രക്ഷപ്പെടുത്തല്‍ നടത്തി എനിക്ക് ടീമിനെ രക്ഷിക്കാനായില്ല. അതുകൊണ്ടുതന്നെ ഷൂട്ടൗട്ടില്‍ എനിക്കത് ചെയ്യണമായിരുന്നു. ദൈവത്തിന് നന്ദി, എനിക്ക് രണ്ട് കിക്കുകള്‍ രക്ഷപ്പെടുത്താനായി. കൂടുതല്‍ കിക്കുകള്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു.