ലിയോണല്‍ മെസിയും സംഘവും വിജയകുതിപ്പ് തുടരുമോ? സൗദി അറേബ്യക്കെതിരായ പ്ലെയിംഗ് ഇലവന്‍ അറിയാം

36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Argentina vs Saudi Arabia qatar world cup match preview and playing eleven

ദോഹ: ലോകകപ്പിന് മുന്നോടിയായി അര്‍ജന്റൈന്‍ ടീം ഖത്തറില്‍ പരിശീലനം തുടങ്ങി. ഖത്തര്‍ യുണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ആയിരുന്നു പരിശീലനം. ലിയോണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. ഇതേസമയം, പരിക്കില്‍ നിന്ന് മുക്തരായ മാര്‍ക്കോസ് അക്യൂനയ്ക്കും പപ്പു ഗോമസിനും ലോകകപ്പ് നഷ്ടമാവില്ലെന്ന് ഉറപ്പായി. ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരായാണ് അര്‍ജന്റീനയുട ആദ്യ ഗ്രൂപ്പ് മത്സരം. ഈ ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് അര്‍ജന്റീന. 

36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെസിയും പത്ത് പേരുമെന്ന അവസ്ഥയില്‍ നിന്ന് ഒരു കെട്ടുറപ്പുള്ള ടീമായി മാറിയെന്നാണ് റഷ്യയില്‍ നിന്ന് ഖത്തറിലെത്തുമ്പോഴുള്ള അര്‍ജന്റീന ടീമിന്റെ പ്രധാന മാറ്റം. ഏതൊരു പൊസിഷനിലും മികച്ച ഒന്നിലധികം താരങ്ങളുണ്ട് ഇന്ന് അര്‍ജന്റീനയ്ക്ക്.

പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ വിരമിക്കല്‍; മനസില്‍ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ആദ്യം ഗോള്‍ കീപ്പറില്‍ നിന്ന് തന്നെ തുടങ്ങാം. എമിലിയാനോ മാര്‍ട്ടിനെസ് ആയിരിക്കും അര്‍ജന്റീനന്‍ കോട്ട കാക്കുക. എമി മാര്‍ട്ടിനസ് വല കാത്ത ഒറ്റ മത്സരം പോലും അര്‍ജന്റീന തോറ്റിട്ടില്ല. പെനാല്‍റ്റി തടയുന്നതിലടക്കം എമിയുടെ മികവ് ലോകോത്തരം. അര്‍ജന്റീനയുടെ ഏറ്റവും വലിയ പോരായ്മയായിരുന്ന പ്രതിരോധ നിരയേയും സ്‌കലോണി ഉടച്ചുവാര്‍ത്തിരുന്നു. നെഹുവേല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്റി, മാര്‍ക്കോസ് അക്യൂന എന്നിവരായിരിക്കും അര്‍ജന്റീനയുടെ പ്രതിരോധ നിരയില്‍.

ഗോണ്‍സാലോ മോന്റീല്‍, യുവാന്‍ ഫോയ്ത് എന്നിവരുണ്ടെങ്കിലും മൊളീനയ്ക്ക് ആയിരിക്കും സൗദിക്കെതിരെ റൈറ്റ് ബാക്കില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിസാന്‍ഡോ മാര്‍ട്ടിനെസ് ടീമിലുണ്ടെങ്കിലും ക്രിസ്റ്റിയാന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്റി ജോഡി യില്‍ തന്നെയായിരിക്കും സ്‌കലോണി വിശ്വാസം അര്‍പ്പിക്കുക. ലെഫ്റ്റ് ബാക്കിലേക്ക് വരികയാണെങ്കിലും കോപ്പ അമേരിക്കയില്‍ മിന്നും പ്രകടനം കാഴ്ച വച്ച മാര്‍ക്കോസ് അക്യൂന ലോകകപ്പിലും തുടരും.

സ്‌കലോണിസത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഡി പോള്‍ പരഡേസ്, ലോ സെല്‍സോ ത്രയമായിരുന്നു. എന്നാല്‍ ലൊ സെല്‍സോ പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിയാണ്. എന്നിരുന്നാലും പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടണ് വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മക് അലിസ്റ്റര്‍ ആദ്യ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി മുന്നേറ്റ നിരയില്‍ അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കോപ്പ കിരീടം നേടി തന്ന ഫൈനലിലെ വിജയഗോള്‍ നേടിയ മാലാഖ. എയ്ഞ്ചല്‍ ഡീ മരിയ. 

ഷാര്‍പ്പ് ഷൂട്ടര്‍ ലൗട്ടോറോ മാര്‍ട്ടിനസ്. പിന്നെ എല്ലാമെല്ലാമായ ലിയോണല്‍ മെസിയും. ക്ലബ് ഫുട്‌ബോളില്‍ എല്ലാം നേടിയിട്ടും മെസിയുടെ വേദന ഒരു വിശ്വ കിരീടമില്ലാത്തതാണ്. പക്ഷെ ഇത്തവണ അയാള്‍ക്ക് വേണ്ടി ജീവന്‍ കളയുന്ന ഒരു ടീം കൂടെയുണ്ട് എന്നതാണ് മെസിയെ മോഹിപ്പിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios