Asianet News MalayalamAsianet News Malayalam

രക്ഷകനായി വീണ്ടും എമിലിയാനോ, പെനൽറ്റി നഷ്ടമാക്കി മെസി; ഇക്വഡോറിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജന്‍റീന കോപ്പ സെമിയിൽ

ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഷൂട്ടൗട്ടില്‍ അര്‍ജന്‍റീനയ്ക്കായി ആദ്യ കിക്കെടുത്ത ലിയോണല്‍ മെസിക്ക് പിഴച്ചതോടെ അര്‍ജന്‍റീനയുടെ ചങ്കിടിപ്പേറി.

Argentina vs Ecuador Live Updates, Argentina beat Ecuador in Penalty Shoot Out to reach Copa America Semis, Messi misses Penalty
Author
First Published Jul 5, 2024, 9:00 AM IST

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്‍റീന സെമിയിലെത്തി. ക്യാപ്റ്റന്‍ ലിയോണല്‍ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്‍റെ രണ്ട് താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ കൈക്കരുത്തിലാണ് അര്‍ജന്‍റീന സെമിയിലെത്തിയത്(5-3). നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനിലയായതിനെത്തുടര്‍ന്നായിരുന്നു മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ആദ്യ പകുതിയില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്‍റെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ ഞെട്ടിച്ച് 91-ാം മിനിറ്റില്‍ കെവിന്‍ റോഡ്രിഗസിന്‍റെ ഗോളിലൂടെയാണ് ഇക്വഡോര്‍ സമനില പിടിച്ചത്. നേരത്തെ 62-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കിക്ക് ഇക്വഡോര്‍ താരം എന്നര്‍ വലന്‍സിയ നഷ്ടമാക്കിയിരുന്നു. വലന്‍സിയയുടെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോയി.

35-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെയാണ് ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് ഇക്വഡോര്‍ വലയിലെത്തിച്ചത്. വിജയമുറപ്പിച്ച അര്‍ജന്‍റീനയെ ഞെട്ടിച്ച് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ 91-ാം മിനിറ്റില്‍ കെവിന്‍ റോഡ്രിഗസിന്‍റെ ഗോളിലൂടെ ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു. ഇതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഷൂട്ടൗട്ടില്‍ അര്‍ജന്‍റീനയ്ക്കായി ആദ്യ കിക്കെടുത്ത ലിയോണല്‍ മെസിക്ക് കൂടി പിഴച്ചതോടെ അര്‍ജന്‍റീനയുടെ ചങ്കിടിപ്പേറി. മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപ്പുറത്തുപോയി. എന്നാല്‍ ഇക്വഡോറിന്‍റെ ആദ്യ കിക്ക് തടുത്തിട്ട അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്‍റീനയുടെ ശ്വാസം വീണ്ടെടുത്തു. അര്‍ജന്‍റീനയുടെ രണ്ടാം കിക്കെടുത്ത ജൂലിയന്‍ ആല്‍വാരെസ് പന്ത് വലയിലെത്തിച്ചപ്പോള്‍ ഇക്വഡോറിന്‍റെ രണ്ടാം കിക്കെടുത്ത അലന്‍ മിന്‍ഡയുടെ ഷോട്ടും തടുത്തിട്ട് എമിലിയാനോ വീരനായകനായി. പിന്നീട് കിക്കെടുത്ത അലക്സി മക്‌ അലിസ്റ്ററും ഗോൺസാലോ മൊണ്ടിയാലും നിക്കൊളാസ് ഒട്ടമെന്‍ഡിയും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജോണ്‍ യെബോയും ജോര്‍ഡി കാസിഡോയും ഇക്വഡോറിനായി ലക്ഷ്യം കണ്ടു.

നിശ്ചത സമയത്ത് ഇക്വഡോറിന് രണ്ടാം പകുതിയില്‍ സമനില അവസരം ലഭിച്ചെങ്കിലും സൂപ്പര്‍ താരം എന്നെര്‍ വലന്‍സിയ പെനല്‍റ്റി കിക്ക് നഷ്ടമാക്കിയത് ഇക്വഡോറിന് തിരിച്ചടിയായി. പരിക്കിന്‍റെ ആശങ്കയുണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ ലിയോണല്‍ മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് അര്‍ജന്‍റീന ഇക്വഡോറിനെതിരെ ഇറങ്ങിയത്. പന്തടക്കത്തിലും പാസിംഗിലും മുന്നിലെത്തിയിട്ടും ഫിനിഷിംഗിലെ പോരായ്മയായിരുന്നു അര്‍ജന്‍റീനക്ക് തിരിച്ചടിയായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios