'വേണ്ടത്ര അറിവില്ല, അനുഭവം ഇല്ലെങ്കിൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്'; എംബാപ്പെയോട് എമിലിയാനോ മാര്‍ട്ടിനസ്
ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെ നിലവാരമില്ല. അവിടെ യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നും എംബാപ്പെ പറഞ്ഞിരുന്നു
ദോഹ: ലോകകപ്പ് ഫൈനലിന് മുന്നോടിയായി ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനേക്കാൾ യൂറോപ്യൻ ഫുട്‌ബോളാണ് കൂടുതല്‍ മികച്ചതെന്ന ഫ്രാൻസ് താരം കിലിയൻ എംബാപ്പെയുടെ പരാമര്‍ശത്തിനെതിരെ പൊട്ടിത്തെറിച്ച് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. നേഷൻസ് ലീഗ് പോലുള്ള ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ ഉപയോഗിച്ച് പരസ്പരം കളിക്കുന്നു എന്നതാണ് യൂറോപ്പിനുള്ള നേട്ടമെന്ന് എംബാപ്പെ പറഞ്ഞിരുന്നു.
ദക്ഷിണ അമേരിക്കയ്ക്ക് യൂറോപ്പിന്‍റേത് പോലെ നിലവാരമില്ല. അവിടെ യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ എല്ലാം യൂറോപ്യന്‍ ടീമുകള്‍ വിജയിച്ചതെന്നും എംബാപ്പെ പറഞ്ഞിരുന്നു. എംബാപ്പെയ്ക്ക് ഫുട്ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നാണ് എമി പ്രതികരിച്ചത്. അദ്ദേഹം ദക്ഷിണ അമേരിക്കയിൽ കളിച്ചിട്ടില്ല. അനുഭവം ഇല്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. പക്ഷേ അത് കാര്യമാക്കുന്നില്ല.
ഞങ്ങൾ ഒരു മികച്ച ടീമാണ്, അങ്ങനെ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും മാര്‍ട്ടിനസ് പറഞ്ഞു. എംബാപ്പെയുടെ വിലയിരുത്തലിനോട് വിയോജിക്കുന്ന ആദ്യത്തെ അർജന്‍റീന താരമല്ല മാർട്ടിനസ്. നേരത്തെ, ദക്ഷിണ അമേരിക്കയിൽ കളിക്കുന്നതിന്‍റെ ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ ബുദ്ധിമുട്ടുകളുടെ തെളിവായി ലിയോണല്‍ മെസി ചൂണ്ടിക്കാട്ടിയിരുന്നു. എംബാപ്പെ ഇത്രയും പറഞ്ഞ ശേഷം നടന്ന ലോകകപ്പില്‍ അര്‍ജന്‍റീനയാണ് ഫ്രാന്‍സിനെ നേരിടുന്നതെന്നുള്ളതാണ് ശ്രദ്ധേയം. ലോകകപ്പ് ഫൈനലിനായി കാത്തിരിക്കുകയാണ് ലോകം. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.
ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. പരസ്പരമുള്ള വാക്പോരുകള്‍ മത്സരത്തിന് മുമ്പേ ശ്രദ്ധനേടി കഴിഞ്ഞു.
2022 ഡിസംബര്‍ 18ന് മെസി കപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വര്‍ഷം മുമ്പ് പ്രവചനം; കണ്ണുതള്ളി ഫുട്ബോള്‍ ലോകം