അര്‍ജന്‍റീന കിരീടം നേടിയില്ലെങ്കില്‍ പിന്നെ പിന്തുണ ആര്‍ക്ക്? ഉത്തരം നല്‍കി ലിയോണൽ സ്കലോണി

അർജന്‍റീന കിരീടം നേടുന്നില്ലെങ്കിൽ ലാറ്റിനമേരിക്കയിൽ നിന്നൊരു ടീം ചാമ്പ്യന്മാരാവണം എന്നാണ് ആഗ്രഹം. രണ്ട് കളിയും ജയിച്ച ബ്രസീലിന് എല്ലാ അഭിനന്ദനങ്ങളും. വളരെ നല്ല രീതിയിലാണ് ബ്രസീൽ മുന്നോട്ട് പോകുന്നതെന്നും സ്കലോണി പറഞ്ഞു.

argentina coach lionel scaloni congratulates brazil for their pre quarter birth

ദോഹ: പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പാക്കിയ ബ്രസീലിനെ അഭിനന്ദിച്ച് അർജന്‍റീനയുടെ പരിശീലകന്‍ ലിയോണൽ സ്കലോണി. താനൊരു ലാറ്റിനമേരിക്കക്കാരനാണെന്നും ബ്രസീൽ പ്രീ ക്വാർട്ടറിലെത്തിയതിൽ സന്തോഷം മാത്രമേയുള്ളുവെന്നും സ്കലോണി പറഞ്ഞു. അർജന്‍റീന കിരീടം നേടുന്നില്ലെങ്കിൽ ലാറ്റിനമേരിക്കയിൽ നിന്നൊരു ടീം ചാമ്പ്യന്മാരാവണം എന്നാണ് ആഗ്രഹം. രണ്ട് കളിയും ജയിച്ച ബ്രസീലിന് എല്ലാ അഭിനന്ദനങ്ങളും. വളരെ നല്ല രീതിയിലാണ് ബ്രസീൽ മുന്നോട്ട് പോകുന്നതെന്നും സ്കലോണി പറഞ്ഞു.

അതേസമയം, ഖത്തറില്‍ നില്‍ക്കണോ പോണോയെന്ന് അറിയാനുള്ള ജീവന്മരണ പോരാട്ടത്തിന് അര്‍ജന്‍റീന ഇന്നാണ് ഇറങ്ങുന്നത്. പോളണ്ടാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്. സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അപ്പോൾ സൗദി, മെക്സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അർജന്‍റീനയുടെ ഭാവി.

തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ രക്ഷക്കെത്തിയ നായകൻ മെസിയുടെ ഇടങ്കാലിലേക്കാണ് അർജന്‍റീന ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നത്. ഒപ്പമുള്ളവർ പ്രതീക്ഷയ്ക്കൊത്ത് പന്ത് തട്ടാത്തതിനാൽ മെസിക്ക് കൂടുതൽ ഊർ‍ജവും മികവും പുറത്തെടുക്കേണ്ടിവരും. മെക്സിക്കോയ്ക്കെതിരെ ടീം ഉടച്ചുവാർത്ത കോച്ച് ലിയോണൽ സ്കലോണി പോളണ്ടിനെതിരെയും അർജന്‍റൈന്‍ ഇലവനിൽ മാറ്റം വരുത്തുമെന്നുറപ്പ്.

പ്രതിരോധത്തിൽ ഗോൺസാലോ മോണ്ടിയേലിന് പകരം നഹ്വേൽ മൊളീനയെത്തും. ഫോം നഷ്ടമായ ലിയാൻഡ്രോ പരേഡസ് പുറത്തിരിക്കാനാണ് സാധ്യത. പകരം എൻസോ ഫെർണാണ്ടസിന് ആദ്യ ഇലവനില്‍ തന്നെ അവസരം കിട്ടിയേക്കും. പൗളോ ഡിബാലയ്ക്കും ഇന്ന് അവസരം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ലാറ്റാരോ മാര്‍ട്ടിനസ് പകരം ജൂലിയന്‍ അല്‍വാരസിനെ മുന്നേറ്റ നിരയില്‍ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആഗ്രഹമെങ്കിലും ഇന്‍റര്‍ മിലാന്‍ തന്നെയാകും ആദ്യ ഇലവനില്‍ എത്തിയേക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios