ആരാധകർ കാത്തിരിക്കുന്ന പോരാട്ടം! കലാശക്കളിയിലേക്ക് നീളില്ല; അർജന്‍റീന-ബ്രസീൽ ഏറ്റുമുട്ടലിന് ഒരേ ഒരു സാധ്യത
പക്ഷെ അവിടെ രണ്ടിൽ ഒരു ടീം വീഴുമെന്നതാണ് ആരാധകരെ കാത്തിരിക്കുന്ന സങ്കടം. എന്തായാലും ഇനിയെല്ലാം കളിക്കളത്തിലെ പോരാട്ടമാണ് തീരുമാനിക്കേണ്ടത്.
ദോഹ: കാൽപ്പന്തുലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നാണ് ഏക്കാലത്തും അർജന്‍റീന - ബ്രസീൽ മത്സരം. ആരാധകർ എക്കാലത്തും വലിയ ആവേശത്തോടെയാണ് ഈ ഏറ്റുമുട്ടലിനായി കാത്തുനിൽക്കാറുള്ളത്. കോപ്പ കലാശക്കളിയിൽ ബ്രസീലിനെ കീഴടക്കി കിരീടം നേടിയപ്പോൾ നീലപ്പടയുടെ ആഘോഷം ദിവസങ്ങളോളമാണ് നീണ്ടുനിന്നത്. ആവേശം ലോകകപ്പിലേക്കെത്തുമ്പോൾ വീണ്ടുമൊരു അർജന്‍റീന - ബ്രസീൽ പോരാട്ടം ഉണ്ടാകുമോ എന്നതാണ് ഇരു ടീമുകളുടെയും ആരാധകർ ഉറ്റുനോക്കുന്നത്. അട്ടിമറികൾ ഏറെക്കണ്ട ഖത്തർ ലോകകപ്പിൽ അതിനുള്ള സാധ്യതയുണ്ട് എന്നതാണ് വാസ്തവം. പക്ഷേ ആ പോരാട്ടം കലാശക്കളിയിലേക്ക് നീളില്ല. അതിന് മുമ്പാകും ഈ ലോകകപ്പിൽ അർജന്‍റീന - ബ്രസീൽ പോരാട്ടത്തിനുള്ള ഒരേ ഒരു സാധ്യത.
ഇരു ടീമുകളും ജയത്തോടെ മുന്നേറിയാൽ സെമി പോരാട്ടത്തിൽ ഏറ്റുമുട്ടേണ്ടിവരും. പ്രീ ക്വാർട്ടർ, ക്വാർട്ടർ പോരാട്ടങ്ങളിൽ കാലിടറാതെ അർജന്‍റീനയും ബ്രസീലും മുന്നേറിയാൽ മാത്രമേ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് വിസിൽ മുഴങ്ങു എന്നതാണ് ഒരു കാര്യം. അർജന്‍റീന പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ കീഴടക്കണം. ശേഷം ആദ്യ പ്രീ ക്വാർട്ടറിൽ ജയിച്ചുകയറിയ നെതർലന്‍റിനെ ക്വാർട്ടറിൽ തകർത്താൽ മെസിപ്പടയ്ക്ക് സെമി ടിക്കറ്റ് ലഭിക്കും.
മറുവശത്ത് കൊറിയയെ പ്രീ ക്വാർട്ടറിൽ ബ്രസീൽ തുരത്തണം. ശേഷം ജപ്പാൻ - ക്രൊയേഷ്യ പ്രീ ക്വാർട്ടർ വിജയികളുമായി ക്വാർട്ടറിൽ ഏറ്റുമുട്ടും. അവിടെയും സാംബാ താളത്തിൽ കാനറികൾ ചിറകടിച്ചുയർന്നാൽ സെമി ടിക്കറ്റ് ഉറപ്പാക്കാം. അങ്ങനെയെങ്കിൽ ആരാധകർ ഏറെ കാത്തിരിക്കുന്ന അർജന്‍റീന - ബ്രസീൽ പോരാട്ടമാകും സെമിയിൽ കാണാനാകുക. പക്ഷെ അവിടെ രണ്ടിൽ ഒരു ടീം വീഴുമെന്നതാണ് ആരാധകരെ കാത്തിരിക്കുന്ന സങ്കടം. എന്തായാലും ഇനിയെല്ലാം കളിക്കളത്തിലെ പോരാട്ടമാണ് തീരുമാനിക്കേണ്ടത്.