വലയിലേക്ക് മാലാഖയായി; മഴവിൽ ഗോളുമായി ഡി മരിയ- വീഡിയോ
ബോക്സിന്റെ വലതുമൂലയിൽ നിന്ന് ഒന്നാം ടച്ചിൽ മരിയയുടെ മാസ്മരിക കിക്ക് ഗോളിയെ കാഴ്ചക്കാരനാക്കി വളഞ്ഞ് വലയിൽ തുളച്ചുകയറി.
പാരീസ്: യൂറോപ ലീഗിൽ മഴവിൽ ഗോളുമായി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ ഗോൾ എന്നാണ് ആരാധകർ വാഴ്ത്തുന്നത്. പ്ലേ ഓഫ് സെക്കൻഡ് ലെഗിൽ ഫ്രഞ്ച് ക്ലബ് നാന്റസിനെതിരെയുള്ള മത്സരത്തിൽ അഞ്ചാം മിനിറ്റിലായിരുന്നു മഴവിൽ ഗോൾ പിറന്നത്. നാന്റസ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു തുടക്കം. പന്ത് റാഞ്ചിയെടുത്ത നിക്കോളോ ഫാഗിയോലി ബോക്സിന് പുറത്തുനിൽക്കുകയായിരുന്ന മരിയക്ക് നൽകി. ബോക്സിന്റെ വലതുമൂലയിൽ നിന്ന് ഒന്നാം ടച്ചിൽ മരിയയുടെ മാസ്മരിക കിക്ക് ഗോളിയെ കാഴ്ചക്കാരനാക്കി വളഞ്ഞ് വലയിൽ തുളച്ചുകയറി.
ആയിരക്കണക്കിന് പേരാണ് ഗോളിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. മരിയയുടെ കരിയറിലെ മികച്ച ഗോളെന്നും അഭിപ്രായമുയർന്നു. ഇതുപോലൊരു ഗോൾ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്നും ആരാധകർ വിലയിരുത്തി.
മത്സരത്തിൽ ഡി മരിയ ഹാട്രിക് ഗോൾ നേടി. യുവന്റസിന് വേണ്ടി ആദ്യമായാണ് താരം ഹാട്രിക് നേടുന്നത്. 20ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയതിന് പിന്നാലെ രണ്ടാം പകുതിയിൽ 78ാം മിനിറ്റിലും ഗോൾ നേടിയാണ് ഹാട്രിക് പൂർത്തിയാക്കിയത്. ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോൾ വീതം സമനിലയിലായിരുന്നു. രണ്ടാം പാദത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നാന്റസിനെ യുവന്റസ് തോൽപ്പിച്ചത്. 4-1ന്റെ അഗ്രഗേറ്റ് സ്കോറോടെ യുവന്റ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. ലോകകപ്പിലും മിന്നുന്ന പ്രകടനാണ് താരം കാഴ്ചവെച്ചത്. ഫൈനലിൽ ഫ്രാൻസിനെതിരെ ഗോൾ നേടി കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.