UCL Final : ലിവര്‍പൂളില്‍ തുടരുമോ സാദിയോ മാനേ? ആകാംക്ഷ മുറുക്കി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍
റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും അടക്കം വമ്പന്മാര്‍ സ്വപ്നതുല്യമായ ഓഫറുകളുമായി സെനഗലീസ് താരത്തിന് പിന്നാലെയുണ്ട്
പാരീസ്: സൂപ്പര്‍താരം സാദിയോ മാനേ(Sadio Mane) ലിവര്‍പൂളില്‍(Liverpool FC) തുടരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനൊപ്പം(UCL Final) ലിവര്‍പൂൾ ആരാധകര്‍ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി കൂടിയാണ്. മുഹമ്മദ് സലായ്ക്കും(Mohamed Salah) റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം(Roberto Firmino) ലിവര്‍പൂളിന്‍റെ 2019 മുതലുള്ള കിരീടനേട്ടങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ് സാദിയോ മാനേ.
ലിവര്‍പൂളില്‍ തുടരുമെന്ന് സലാ വ്യക്തമാക്കുമ്പോഴും മനസ് തുറന്നിട്ടില്ല മാനേ. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും അടക്കം വമ്പന്മാര്‍ സ്വപ്നതുല്യമായ ഓഫറുകളുമായി സെനഗലീസ് താരത്തിന് പിന്നാലെയുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം വെളിപ്പെടുത്തുന്ന പ്രത്യേക വിവരത്തിൽ എല്ലാറ്റിനും മറുപടിയുണ്ടാകുമെന്ന് മാനേ പറയുമ്പോള്‍ കൂടുമാറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ചെമ്പടയും ആരാധകരും. റയൽ മാഡ്രിഡിനെ ലിവര്‍പൂൾ വീഴ്ത്തിയാൽ ഇന്ന് ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിൽ മാനേക്ക് മുന്‍തൂക്കം ലഭിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ സെനഗലിനെ ജേതാക്കളാക്കുകയും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുകയും ചെയ്‌ത മാനേക്ക് ചാമ്പ്യന്‍സ് ലീഗും ലഭിച്ചാൽ അവഗണിക്കുക അസാധ്യമായേക്കും. 1995ൽ ലൈബീരിയന്‍ ഇതിഹാസം ജോര്‍ജ് വീയ അന്താരാഷ്ട്ര അംഗീകാരം നേടിയതിന് ശേഷം ബാലൺ ഡി ഓര്‍ പുരസ്‌കാരം ആഫ്രിക്കയിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ 2018ലെ ഫൈനല്‍ തോൽവിക്ക് പകരം വീട്ടുന്നതിൽ ഒതുങ്ങുന്നില്ല മാനേക്ക് മുന്നിലെ ലക്ഷ്യങ്ങള്‍.
ഫുട്ബോളില്‍ ഇന്ന് ഉത്സവ രാത്രി
പാരീസില്‍ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിനെ നേരിടും. പതിമൂന്ന് കിരീടങ്ങളുടെ ഗരിമയുമായി റയൽ മാഡ്രിഡ് എത്തുമ്പോള്‍ ആറ് കിരീടങ്ങളുടെ തിളക്കവുമായാണ് ലിവർപൂൾ മൈതാനത്തിറങ്ങുക.
യൂറോപ്പിലെ ഏറ്റവും മികച്ച രണ്ട് കളിസംഘങ്ങൾ നേർക്കുനേർ പോരിനിറങ്ങുമ്പോൾ പ്രവചനം അസാധ്യം. സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയേയും ക്വാർട്ടറിൽ ചെൽസിയേയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും അവിശ്വസനീയമായി തോൽപിച്ചാണ് കലാശപ്പോരിനിറങ്ങുന്നത്. അതേസമയം ഒറ്റപോയിന്‍റിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും ലിവർപൂളും അതുല്യഫോമിൽ. ഇന്‍ർമിലാനെയും ബെൻഫിക്കയെയും വിയ്യാറയലിനെയും മറികടന്നാണ് ചെമ്പട ഫൈനലിനിറങ്ങുന്നത്.
UCL Final : റയലോ ലിവര്‍പൂളോ? യൂറോപ്പിന്‍റെ രാജാക്കന്‍മാരെ ഇന്നറിയാം; ഫുട്ബോള്‍ യുദ്ധം പാരീസില്‍