ത്രില്ലറില്‍ മോഡ്രിച്ചിനേയും സംഘത്തേയും പിടിച്ചുകെട്ടി അല്‍ബേനിയ! സെല്‍ഫ് ഗോളിന് പ്രായശ്ചിത്തം ചെയ്ത് ഗസുല
മത്സരത്തിലെ ആദ്യ ഗോള്‍ അല്‍ബേനിയയുടെ വകയായിരുന്നു. 11-ാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യയുടെ വലയില്‍ പന്തെത്തിക്കാന്‍ അല്‍ബേനിയക്ക് സാധിച്ചു.
മ്യൂണിക്ക്: യൂറോ കപ്പില്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് അല്‍ബേനിയ. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി. ആന്ദ്രേ ക്രമാരിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടിയത്. വിജയഗോള്‍ അല്‍ബേനിയയുടെ ദാനമായിരുന്നു. ക്വാസിം ലാസിയുടെ വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍. ക്ലോസ് ഗസുല സമനില ഗോള്‍ നേടി. സമനിലയോടെ ക്രൊയേഷ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി നാലാം സ്ഥാനത്തേക്ക് വീണു. ആദ്യ മത്സരത്തില്‍ അവര്‍ സ്‌പെയ്‌നിനോട് തോറ്റിരുന്നു. അല്‍ബേനിയ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോട് തോറ്റിരുന്നു.
മത്സരത്തിലെ ആദ്യ ഗോള്‍ അല്‍ബേനിയയുടെ വകയായിരുന്നു. 11-ാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യയുടെ വലയില്‍ പന്തെത്തിക്കാന്‍ അല്‍ബേനിയക്ക് സാധിച്ചു. ജാസിര്‍ അസാനിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. വലത് വിംഗില്‍ നിന്ന് അസാനിയുടെ ക്രോസില്‍ ലാസി തലവെക്കുകയായിരുന്നു. 31-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം അല്‍ബേനിയക്ക് മുതലാക്കാനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മറ്റൊരു അവസരം കൂടി ലഭിച്ചു. എന്നാല്‍ ഇത്തവണയും ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവകോവിച്ചിന്റെ സേവ്.
രണ്ടാം പാതിയില്‍ ക്രോട്ടുകാര്‍ ഉണര്‍ന്നു. അതിന്റെ ഫലമായി 74-ാം മിനിറ്റില്‍ ഗോളും പിറന്നു. അല്‍ബേനിയന്‍ പ്രതിരോധ താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ തൊടുത്ത ഷോട്ട് ഇടത് മൂലയിലേക്ക്. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ ലീഡെടുത്തു. പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ക്ലോസ് ഗസുലയുടെ കാലില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു.
ഗോളിന് പിന്നാലെ അല്‍ബേനിയ രണ്ട് മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ മത്സരം ക്രൊയേഷ്യ ജയിക്കുമെന്ന് തന്നെ തോന്നിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്ത് അല്‍ബേനിയയുടെ ഗോളെത്തി. നേരത്തെ, സെല്‍ഫ് ഗോളടിച്ച ഗസുല തന്നെയാണ് അല്‍ബേനിയക്ക് സമനില സമ്മാനിച്ചത്. അവസാനം നിമിഷം കിട്ടിയ അടിയില്‍ നിന്ന് തിരിച്ചുകേറാന്‍ ക്രൊയേഷ്യക്ക് സാധിച്ചില്ല.