ഒടുവിലത് സംഭവിച്ചു; ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കി
2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ തോല്‍വിയാണ് സ്റ്റിമാക്കിനെ പുറത്താക്കാന്‍ കാരണം
ദില്ലി: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ദയനീയമായി പുറത്തായതിന് പിന്നാലെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. സ്റ്റിമാക്കിന്‍റെ കരാര്‍ റദ്ദാക്കിയതായി എഐഎഫ്എഫ് അറിയിച്ചു. 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ മോശം പ്രകടനമാണ് സ്റ്റിമാക്കിനെ പുറത്താക്കാന്‍ കാരണമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ യോഗമാണ് ഒറ്റക്കെട്ടായി നിര്‍ണായക തീരുമാനമെടുത്തത്. എഐഎഫ്എഫ് വൈസ് പ്രസിഡന്‍റ് എന്‍.എ. ഹാരിസിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം.
ക്രൊയേഷ്യന്‍ മുന്‍ താരമായ ഇഗോര്‍ സ്റ്റിമാക് 2019ലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്. 2023 ഒക്ടോബറില്‍ സ്റ്റിമാക്കിന്‍റെയും സഹപരിശീലകരുടേയും കരാര്‍ എഐഎഫ്‌എഫ് പുതുക്കി നല്‍കിയിരുന്നു. 2026 ജൂൺ വരെ സ്റ്റിമാക്കുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാന്‍ സ്റ്റിമാക്കിനായില്ല. നാല് ക്വാളിഫയര്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്‍റ് മാത്രമാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമിന് സമ്മാനിക്കാനായത്. നാല് കളികളില്‍ ഇന്ത്യന്‍ ടീം നേടിയത് രണ്ട് ഗോളുകള്‍ മാത്രമായി. അഫ്‌ഗാനിസ്ഥാനോടും കുവൈത്തിനോടും ഗോള്‍രഹിത സമനില വഴങ്ങിയ ഇന്ത്യ ഖത്തറിനോടും അഫ്‌ഗാനിസ്ഥാനോടും 1-2ന് വീതം തോല്‍വി രുചിച്ചിരുന്നു.
മാത്രമല്ല, ഖത്തറില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിലും ടീം മികവ് കാട്ടാതിരുന്നത് ഇഗോര്‍ സ്റ്റിമാക്കിന് തിരിച്ചടിയായി. ഏഷ്യന്‍ കപ്പില്‍ മൂന്ന് കളിയും തോറ്റ ഇന്ത്യ ആറ് ഗോളുകള്‍ വഴങ്ങിയപ്പോള്‍ ഒന്ന് പോലും അടിച്ചിരുന്നില്ല. 53 മത്സരങ്ങളിലാണ് ഇഗോര്‍ സ്റ്റിമാക് ഇന്ത്യന്‍ പരിശീലകന്‍റെ കുപ്പായമണിഞ്ഞത്. 19 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 20 എണ്ണം തോല്‍ക്കുകയും 14 എണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. വിരമിച്ച ഇതിഹാസ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിക്ക് പകരക്കാരനെ കണ്ടെത്തുന്നത് അടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പുതിയ പരിശീലകനെ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം