കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കു നേരെയുള്ള കുപ്പിയേറ്; മുഹമ്മദന്‍സിനെതിരെ നടപടി, പിഴയും താക്കീതും

സീസണിലെ ആദ്യ എവേ ജയമായിരുന്നു ബ്ലാസ്റ്റേഴ്സ് മുഹമ്മദന്‍സിനെതിരെ സ്വന്തമാക്കിയത്.

AIFF fined Mohammedan Sporting for bottle hurled incident in the match vs Kerala Blasters

ദില്ലി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരായ അതിക്രമത്തിൽ, കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻസിനെതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്). മുഹമ്മദന്‍സിന് കുറഞ്ഞത്  ഒരു ലക്ഷം രൂപ പിഴ ചുമത്താനും, താക്കീത് നൽകാനും അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ അച്ചടക്ക സമിതിയിൽ ധാരണയായി.

മുഹമ്മദൻസിന് വിശദീകരണം നൽകാൻ നാലു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആരാധകരുടെ മോശം പെരുമാറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ഒരു ലക്ഷം രൂപ പിഴ. കൂടുതൽ നടപടി വേണോയെന്ന് ക്ലബ്ബിന്‍റെ വിശദീകരണം പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് എഐഎഫ്എഫ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ചത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടി മുന്നിലെത്തിയപ്പോഴാണ്, മുഹമ്മദൻസ്  ആരാധകർ ചെരുപ്പും മൂത്രം നിറച്ച കുപ്പികളും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നേർക്ക് എറിഞ്ഞത്.

കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28-ാം മിനിറ്റില്‍ എം കസിമോവിന്‍റെ ഗോളിലൂടെ മുഹമ്മദന്‍സാണ് ആദ്യം മുന്നിലതെത്തിയത്. എന്നാല്‍ 66-ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ ഗോളിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്സ് 77-ാം മിനിറ്റില്‍ ജീസസ് ജിമെനെസിലൂടെ വിജയഗോളും നേടി. മത്സരത്തില്‍ മൊഹമ്മദന്‍സിന് അനുകൂലമായ ഒരു പെനാല്‍റ്റി നിഷേധിച്ചതോടെയാണ് മുഹമ്മദന്‍സ് ആരാധകര്‍ പ്രകോപിതരായി ബഹളം തുടങ്ങിയത്.

അത് വേണ്ടായിരുന്നു രാഹുല്‍, കടുത്തുപോയി! അപകടകരമായ ഫൗളിന് ബ്ലാസ്റ്റേഴ്‌സ് താരത്തിനെ കടുത്ത വിമര്‍ശനം -വീഡിയോ

ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ മുഹമ്മദൻസ് ആരാധകര്‍ കളിക്കാര്‍ക്കും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും നേരെ കുപ്പികളും ചെരുപ്പുമെല്ലാം വലിച്ചെറിയുകയായിരുന്നു. ഇതോടെ റഫറി മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചു. ഒടുവില്‍ പൊലീസെത്തി മുഹമ്മദന്‍സ് ആരാധകരെ ശാന്തരാക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. സീസണിലെ ആദ്യ എവേ ജയമായിരുന്നു ബ്ലാസ്റ്റേഴ്സ് മുഹമ്മദന്‍സിനെതിരെ സ്വന്തമാക്കിയത്. മത്സരശേഷം പൊലിസ് സംരക്ഷണത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരെ പുറത്തെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios