ബെംഗളൂരുവുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തില്ല; കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യം അച്ചടക്ക സമിതി തള്ളി

സുനില്‍ ഛേത്രി ആദ്യം കിക്കെടുക്കും മുമ്പ് തടയാന്‍ ശ്രമിച്ചപ്പോള്‍ റഫറി തന്നോട് പുറകിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ സമിതിക്ക് മുമ്പാകെ വിശദീകരിച്ചു.

AIFF disciplinary committee rejects Kerala Blasters demand for re match gkc

ദില്ലി: ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ഇന്നലെ ചേര്‍ന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്കരിച്ച സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ബെംഗളൂരുവുമായുള്ള മത്സരം വീണ്ടും നടത്തണമെന്നുമുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആവശ്യവും വൈഭവ് ഗഗ്ഗാറിന്‍റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി തള്ളി. വിഷയത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് അച്ചടക്ക  നടപടിയാണ് സമിതി സ്വീകരിക്കുക എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

മത്സരത്തില്‍ റഫറി എടുത്ത തീരുമാനം റദ്ദാക്കാന്‍ അച്ചടക്കസമിതിക്ക് കഴിയില്ലെന്ന്  ഫെഡറേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സുനില്‍ ഛേത്രി ആദ്യം കിക്കെടുക്കും മുമ്പ് തടയാന്‍ ശ്രമിച്ചപ്പോള്‍ റഫറി തന്നോട് പുറകിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ സമിതിക്ക് മുമ്പാകെ വിശദീകരിച്ചു. റഫറി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് സമയമെടുത്ത് പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി വീണ്ടും കിക്ക് എടുത്തത്. കളിക്കാരനോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ റഫറി വിസില്‍ മുഴക്കാതെ കിക്ക് എടുക്കാനാവില്ലെന്നിരിക്കെ ഛേത്രിയുടെ ഫ്രീ കിക്ക് ഗോള്‍ നിലനില്‍ക്കില്ലെന്ന് ലൂണ പറഞ്ഞു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമോ? സാധ്യതയുള്ള ശിക്ഷാനടപടികള്‍ അറിയാം

എന്നാല്‍ നിയമപ്രകാരം മാത്രമാണ് ഗോള്‍ അനുവദിച്ചതെന്ന് സമിതിക്ക് മുമ്പാകെ ഹാജരായ റഫറി ക്രിസ്റ്റല്‍ ജോണ്‍സണ്‍ വിശദീകരിച്ചു. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയെ തുടർന്നാണ് അച്ചടക്ക സമിതി ഇന്നലെ അടിയന്തര യോഗം ചേർന്നത്. ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ അടക്കം നാലുപേരാണ് സമിതിക്ക് മുന്നിൽ വിശദീകരണം നൽകിയത്.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗലൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗലൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്.

ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ ബഹിഷ്കരിച്ചതോടെ ഛേത്രിയുടെ ഗോളില്‍ 1-0ന് ബെംഗളൂരു ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios