4 കോടി പിഴ തുടരും, ബ്ലാസ്റ്റേഴ്‌‌സിനും ഇവാനും കനത്ത തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്‌എഫ്

കേരള ബ്ലാസ്റ്റേഴ്‌സിന് ഏര്‍പ്പെടുത്തിയ 4 കോടിയുടെ പിഴ തുടരുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍

AIFF Appeal Committee rejected Kerala Blasters FC appeal against the Rs 4 crore fine jje

ദില്ലി: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്‌ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്. 

മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. 

വിശദീകരണം തള്ളി

ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പൂര്‍ത്തിയാകാന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്‌എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നാണ് ഇവാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം. ബെംഗളൂരു എഫ്‌സിക്ക് എതിരായ പ്ലേ ഓഫ് മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം നേരത്തെ എഐഎഫ്എഫ് തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോയത്. 

ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന്‍റെ എക്‌സ്‌ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളംവിട്ടപ്പോള്‍ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്സി സെമിയില്‍ എത്തി.

Read more: എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് നാല് കോടി പിഴ, ഇവാന് വിലക്ക്; വിശദീകരിച്ച് എഐഎഫ്എഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios