യൂറോ കപ്പില്‍ നേരിട്ടത് കടുത്ത വംശീയാധിക്ഷേപം; ബുക്കായോ സാക്ക ഇന്ന് ഇംഗ്ലണ്ടിന്റെ ഹീറോ
ഇന്ന് ഇംഗ്ലണ്ടിന്റെ സെറ്റ്പീസ് പദ്ധതികളുടെ ക്രാഫ്റ്റ്, സാക്കയുടെ ഗോളിലുണ്ട്. അളന്നു മുറിച്ച വോളിയില്‍ വലിയ മുന്നറിയിപ്പുണ്ട്. ഹാട്രിക് തികയ്ക്കാനുള്ള അവസരം നല്‍കാതെ കോച്ച് സൌത്ത് ഗേറ്റ് സാകയെ പിന്‍വലിച്ചപ്പോള്‍, പകരമിറങ്ങിയ റാഷ്‌ഫോര്‍ഡും നിമിഷനേരം കൊണ്ട് ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു.
ദോഹ: ഇരട്ടഗോളുമായി ലോകകപ്പ് അരങ്ങേറ്റം ആഘോഷമാക്കി സാക്ക. യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ വംശീയാധിക്ഷേപം നേരിട്ട സാക്ക, ഇന്ന് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഹീറോയാണ്. യൂറോകപ്പ് ഫൈനലിലെ പിഴവിന് ലോകകപ്പ് അരങ്ങേറ്റത്തില്‍ സുന്ദരഗോളുകള്‍ കൊണ്ട് ബുകായോ സാക്കയുടെ മറുപടി. ഇറ്റലിക്കെതിരെ ഷൂട്ടൌട്ട് കിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ സാക്ക കേള്‍ക്കാത്ത പഴിയില്ല.
ഇന്ന് ഇംഗ്ലണ്ടിന്റെ സെറ്റ്പീസ് പദ്ധതികളുടെ ക്രാഫ്റ്റ്, സാക്കയുടെ ഗോളിലുണ്ട്. അളന്നു മുറിച്ച വോളിയില്‍ വലിയ മുന്നറിയിപ്പുണ്ട്. ഹാട്രിക് തികയ്ക്കാനുള്ള അവസരം നല്‍കാതെ കോച്ച് സൌത്ത് ഗേറ്റ് സാകയെ പിന്‍വലിച്ചപ്പോള്‍, പകരമിറങ്ങിയ റാഷ്‌ഫോര്‍ഡും നിമിഷനേരം കൊണ്ട് ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. സാക്കയ്ക്ക് ഒപ്പം വംശീയവെറിക്ക് ഇരയായിരുന്നു റാഷ്‌ഫോര്‍ഡും. ഇംഗ്ലീഷ് ആയുധപ്പുരയുടെ കരുത്ത് ഈ കാലുകളില്‍ കൂടിയാണെന്ന് വലകുലുക്കി തലയുയര്‍ത്തി പറയുകയാണ് റാഷ്‌ഫോഡും സാക്കയും.
മത്സരത്തിന്റെ 43-ാം മിനിറ്റിലാണ് സാക്ക ആദ്യഗോള്‍ നേടുന്നത്. ട്രിപ്പിയറിന്റെ കോര്‍ണറാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. മഗ്വെയറിന്റെ പന്ത് ഹെഡ് ചെയ്ത് സാക്കയുടെ മുന്നിലേക്കിട്ടുകൊടുത്തു. ബോക്‌സിനുള്ളില്‍ നിന്നുള്ള സാക്കയുടെ ഷോട്ട് ഇറാനിയന്‍ ഗോല്‍ കീപ്പറെ കാഴ്ച്ചക്കാരനാക്കി. 62മിനിറ്റില്‍ സാക്ക തന്റെ രണ്ടാം ഗോള്‍ പേരിലെഴുതി.
ഇറാന്‍ ഗോള്‍ കീപ്പര്‍ ഹൊസൈനിയുടെ ഒരു മോശം ക്ലിയറന്‍സാണ് ഏഷ്യന്‍ സംഘത്തിന് വിനയായത്. സ്റ്റെര്‍ലിംഗിന്റെ പാസ് സ്വീകരിച്ച സാക്ക പന്തുമായി കട്ട് ചെയ്ത് അകത്തേക്ക് കയറി ഇറാനിയന്‍ പ്രതിരോധത്തെ വെറും കാഴ്ചക്കാരാക്കി വലയിലേക്ക് തൊടുത്ത് വിട്ടു. സാക്കയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ രണ്ടിനെതിരെ ആറ് ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചത്. സാക്കയ്ക്ക് പുറമെ ജൂഡ് ബെല്ലിംഗ്ഹാം, സ്റ്റെര്‍ലിംഗ്, റാഷ്‌ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറാന്റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.