ഗോള്‍ വരള്‍ച്ച, 2026 ലോകകപ്പ് ഫുട്ബോളില്‍ കളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ മങ്ങി; ഇനി മുന്നിലുള്ള വഴികള്‍
645 മിനിറ്റ് മുമ്പാണ് ഇന്ത്യന്‍ മുന്നേറ്റ നിര എതിരാളികളുടെ വലയില്‍ അവസാനമായി പന്തെത്തിച്ചത് എന്നറിയമ്പോള്‍ തന്നെ ഇന്ത്യയുടെ ഗോള്‍വരള്‍ച്ച് വ്യക്തമാവും
കൊല്‍ക്കത്ത: ഇതിഹാസ താരം സുനില്‍ ഛേത്രിക്ക് വിജയത്തോടെ വിടവാങ്ങല്‍ നല്‍കാനാവാതിരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്നലെ കുവൈറ്റിനെതിരെ ഗോള്‍രഹിത സമനിലയുമായി പിരിഞ്ഞതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്നേറാമെന്ന പ്രതീക്ഷകളും മങ്ങി. ഇന്ത്യയെക്കാള്‍ൾ(123) റാങ്കിംഗില്‍ പിന്നിലുള്ള കുവൈറ്റിനെ(139) ഇന്നലെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്നാം റൗണ്ടില്‍ ഖത്തറിനൊപ്പം സ്ഥാനം ഉറപ്പാക്കാമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഫീല്‍ഡ് ഗോള്‍ നേടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് ഇന്നലെ കവൈറ്റിനെതിരെയും ഗോളടിക്കാനായില്ല.
645 മിനിറ്റ് മുമ്പാണ് ഇന്ത്യന്‍ മുന്നേറ്റ നിര എതിരാളികളുടെ വലയില്‍ അവസാനമായി പന്തെത്തിച്ചത് എന്നറിയമ്പോള്‍ തന്നെ ഇന്ത്യയുടെ ഗോള്‍വരള്‍ച്ച് വ്യക്തമാവും. 11ന് ദോഹയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ കരുത്തരായ ഖത്തറിനെ തോല്‍പ്പിക്കുക എന്ന അസാധ്യമായ ലക്ഷ്യം മാത്രമാണ് ഇനി ഇന്ത്യക്ക് മുന്നിലുളളത്. അതും ക്യാപ്റ്റന്‍ സുനില്‍ ചേത്രിയില്ലാതെ.
രണ്ടാം റൗണ്ട് പോരാട്ടങ്ങളില്‍ ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരങ്ങള്‍ വിതം പൂര്‍ത്തിയായപ്പോള്‍ ഖത്തറും ഇന്ത്യയും തന്നെയാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മികച്ച ഗോള്‍ ശരാശരിയില്‍ മാത്രമാണ് ഇന്ത്യ കുവൈറ്റിനും അഫ്ഗാനിസ്ഥാനും മുന്നിലുള്ളത്. എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യ ഖത്തറിനോട് തോറ്റാല്‍ അതോടെ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിക്കും. അവസാന മത്സരത്തില്‍ സമനില നേടിയാലും അഫ്ഗാനിസ്ഥാന്‍-കുവൈറ്റ് അവസാന മത്സരഫലം അനുസരിച്ചാകും മൂന്നാം റൗണ്ടിലെത്താന്‍ ഇന്ത്യയ്ക് നേരിയ സാധ്യതയെങ്കിലും തുറക്കുക.
36 ടീമുകളുള്ള രണ്ടാം റൗണ്ടില്‍ നിന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് മൂന്നാം റൗണ്ടിലെത്തുക. മൂന്നാം റൗണ്ടില്‍ ആറ് ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളാണുണ്ടാകുക. ഹോം-എവേ അടിസ്ഥാനത്തില്‍ പരസ്പരം കളിക്കുന്ന ടീമുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകള്‍(ആകെ 6 ടീമുകള്‍) ആകും 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.
മൂന്നാം റൗണ്ടില്‍ ബാക്കിയാവുന്ന 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലായി തിരിച്ച് നാലാം റൗണ്ട് പോരാട്ടം നടക്കും. നിഷ്പക്ഷ വേദിയില്‍ പരസ്പരം മത്സരിക്കുന്ന ടീമുകളിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കും ലോകകപ്പ് യോഗ്യത നേടാം. തോല്‍ക്കുന്ന 9 ടീമുകൾ വീണ്ടും ഹോം എവേ അടിസ്ഥാനത്തില്‍ മത്സരിപ്പിക്കുന്ന അഞ്ചാം റൗണ്ട് പോരാട്ടം നടക്കും. ഇതില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ പ്ലേ ഓഫിന് യോഗ്യത നേടാം. ഇതില്‍ ജയിച്ചാല്‍ ലോകകപ്പില്‍ കളിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക