ഏഷ്യൻ കപ്പ്: ലാസ്റ്റ് ബസ് പിടിക്കാന്‍ ഇന്ന് ഇന്ത്യ, സിറിയ ഭീഷണി, വമ്പന്‍ ജയം അനിവാര്യം; സഹല്‍ കളിച്ചേക്കും
സിറിയക്കെതിരെ വൻ വിജയം നേടി മികച്ച ഗോൾശരാശരിയിൽ നാല് മൂന്നാം സ്ഥാനക്കാരിൽ ഇടംപിടിക്കുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് സിറിയയെ നേരിടും. ഖത്തറില്‍ വൈകിട്ട് അഞ്ചിനാണ് കളി തുടങ്ങുക. ഇന്ന് വമ്പന്‍ ജയം നേടിയാല്‍ ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ പ്രതീക്ഷ നിലനിര്‍ത്താം. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന് ടീം ഇന്ത്യ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരം നല്‍കിയേക്കും.
ആദ്യ രണ്ട് കളിയും തോറ്റെങ്കിലും വമ്പൻ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ഇന്ത്യയെ മൂന്ന് ഗോളിന് തകർത്ത ഉസ്ബക്കിസ്ഥാനെ ഗോൾരഹിത സമനിലയിൽ തളച്ച ആത്മവിശ്വാസമുണ്ട് എതിരാളികളായ സിറിയക്ക്. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാക്കാരാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറുക. ഇവർക്കൊപ്പം എല്ലാ ഗ്രൂപ്പിലെയും നാല് മികച്ച മൂന്നാം സ്ഥാനക്കാർക്കും പ്രീക്വാർട്ടറിൽ ഇടമുണ്ട്. സിറിയക്കെതിരെ വൻ വിജയം നേടി മികച്ച ഗോൾശരാശരിയിൽ നാല് മൂന്നാം സ്ഥാനക്കാരിൽ ഇടംപിടിക്കുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ അതത്ര എളുപ്പമായിരിക്കില്ലെന്നുറപ്പ്.
ഫിഫ റാങ്കിംഗിൽ സിറിയ തൊണ്ണൂറ്റിയൊന്നും ഇന്ത്യ നൂറ്റിരണ്ടും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കും സിറിയയ്ക്കും ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ അഞ്ച് ഗോൾ വഴങ്ങിയപ്പോൾ സിറിയ വഴങ്ങിയത് ഓസീസിനെതിരായ ഒറ്റ ഗോൾ. സിറിയൻ പ്രതിരോധം മറികടക്കുകയാവും സുനിൽ ഛേത്രിയുടെയും സംഘത്തിന്‍റെയും പ്രധാന വെല്ലുവിളി. സന്ദേശ് ജിംഗാനും രാഹുൽ ബെക്കെയും നയിക്കുന്ന പ്രതിരോധ നിര ഓസ്ട്രേലിയക്കെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിക്കണം. ഇതുവരെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മധ്യനിരയിൽ ഉണർന്ന് കളിക്കണം. മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് ഇലവനിൽ എത്തുമെന്നാണ് പ്രതീക്ഷ. ഉസ്ബക്കിസ്ഥാനെതിരെ പകരക്കാരനായി ഇറങ്ങിയ കെ പി രാഹുൽ ഗോളിനരികെ എത്തിയിരുന്നു.
2009ന് ശേഷം ഇന്ത്യ സിറിയയോട് തോറ്റിട്ടില്ല. ഇരു ടീമും ആറ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ മൂന്ന് കളിയിലും സിറിയ രണ്ട്
കളിയിലും ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിൽ അവസാനിച്ചു.
Read more: രോഹിത് ശര്‍മ്മയ്ക്ക് ശേഷം ജസ്പ്രീത് ബുമ്ര ടെസ്റ്റ് ക്യാപ്റ്റന്‍? താല്‍പര്യം പ്രകടിപ്പിച്ച് താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം