'എവിടെ റൊണാൾഡോയും നെയ്മറും എവിടെ?', ചോദ്യപ്പേപ്പറിൽ മെസിയെ കണ്ട സന്തോഷവും പരിഭവവുമായി നാലാം ക്ലാസുകാര്‍

അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. കുഞ്ഞു ആരാധകര്‍ മുതൽ കാരണവന്മാര്‍ വരെ ആ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല

4th class exam question to prepare biography of Lionel Messi ppp

കോഴിക്കോട്: അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടത്തോടെ മെസ്സി മയമാണ് എങ്ങും. കുഞ്ഞു ആരാധകര്‍ മുതൽ കാരണവന്മാര്‍ വരെ ആ ആഘോഷം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പാനമയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ മെസിയുടെ ഗോളോടെ അര്‍ജന്റീന വിജയം കുറിച്ചത് ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കി.  ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്‍റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിലായിരുന്നു നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാനമയെ തോല്‍പിച്ചത്.

എന്നാൽ, അര്‍ജന്റീനിയൻ ആരാധകരായ നാലാം ക്ലാസുകാരുടെ വലിയ സന്തോഷ ദിവസമായിരുന്നു ഇന്ന്. അര്‍ജന്റീനയുടെ വിജയം അറിഞ്ഞ്, മെസിയുടെ ഗോൾ റെക്കോര്‍ഡറിഞ്ഞ് പരീക്ഷയ്ക്കെത്തിയ കുട്ടി ആരാധകര്‍ക്ക് ചോദ്യമായി വന്നതും മെസി തന്നെ. ചോദ്യപേപ്പറിൽ മെസിയുടെ പടമടക്കമുള്ള ജീവചരിത്ര കുറിപ്പ് തയ്യാറാക്കാനുള്ള ചോദ്യം കണ്ടതിന്റെ ആവേശത്തിൽ നാലാം ക്ലാസിലെ മെസി ആരാധകര്‍ ആവേശം മറച്ചുവച്ചില്ലെന്നാണ് അധ്യാപകര്‍ സാക്ഷ്യം പറയുന്നത്. 

മെസിയുടെ ജനനം, ഫുട്ബോൾ ജീവിതം, നേട്ടങ്ങൾ, പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ള ചോദ്യം. അതേസമയം, ചില ആരാധകരെ ഈ ചിത്രം അസ്വസ്ഥരാക്കിയെന്നും പറയുന്നുണ്ട്. ചോദ്യപേപ്പറിൽ എവിടെ, നെയ്മറും റൊണാൾഡോയും എന്ന് ചില കുട്ടി ആരാധകര്‍ ചോദിച്ചുവെന്ന് അധ്യാപകര്‍ പറയുന്നു.

Read more: മഴവില്ലഴകുള്ള ഫ്രീകിക്ക്, 800 ഗോള്‍ തികച്ച് മെസി; വിജയത്തേരില്‍ അര്‍ജന്‍റീന

പാനമയുമായുള്ള മത്സരത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന സമകാലിക ഫുട്ബോളറായി അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസി മാറിയ ദിവസമായിരുന്നു ഇന്ന്. സൗഹൃദ മത്സരത്തില്‍ പാനമയ്ക്കെതിരെ ഗോള്‍ നേടിയാണ് മെസി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. മത്സരത്തിൽ തിയാഗോ അല്‍മാഡയായിരുന്നു മറ്റൊരു ഗോള്‍ സ്കോറര്‍.   83000 കാണികൾക്കിരിക്കാവുന്ന ബ്യൂണസ് അയേഴ്‌സിലെ മോണുമെന്‍റൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം

Latest Videos
Follow Us:
Download App:
  • android
  • ios