കാത്തിരിപ്പിനൊടുവില്‍ ഫുട്ബോൾ താരം കെ.പി രാഹുലിന് സര്‍ക്കാര്‍ ജോലി
- നിലവിൽ ഗോഗുലം എഫ്‌സി താരമാണ് രാഹുല്‍.
- ഐലീഗ് മത്സരങ്ങൾക്കിടയിൽ നിന്നെത്തിയാണ് ജോലിയിൽ പ്രവേശിച്ചത്.
കാസര്‍ഗോഡ്: ഫുട്ബോൾ താരം കെ.പി രാഹുൽ ഇനി മുതൽ വിദ്യഭ്യാസ വകുപ്പിന്റെ താരം. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാഹുൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഫുട്ബോൾ മത്സരങ്ങളിൽ പ്രതിരോധനിരകാത്താണ് രാഹുലിന് പരിചയം. സർക്കാർ ഫയലുകൾക്കിടയിൽ ഒരു മുന്നേറ്റ നിരക്കാരനാകുവാനുള്ള ഒരുക്കത്തിലാണ് രാഹുൽ.
കാസർഗോഡ് വിദ്യഭ്യാസ ഉപഡയറക്ടറുടെ കാര്യാലയമാണ് ഇനിയുള്ള വേദി. പതിനാലു വർഷത്തിന് ശേഷം 2018ൽ കേരളം സന്തോഷ് ട്രോഫി നേടിയതോടെയാണ് ടീമംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം നൽകിയത്. വിദ്യാഭ്യാസ വകുപ്പിലാണ് രാഹുലിന്റെ നിയമനം. ഓഫീസ് തിരക്കുകൾക്കിടയിൽ ഫുട്ബോൾ മത്സരം ചുവപ്പുനാടയിൽ കുരുങ്ങാതെ നോക്കുമെന്നാണ് താരം പറയുന്നത്.
നിലവിൽ ഗോഗുലം എഫ്‌സി താരമാണ്. ഐലീഗ് മത്സരങ്ങൾക്കിടയിൽ നിന്നെത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. നിരവധി ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം ആറാം ക്ലാസ് മുതൽ ഫുട്ബോളിൽ സജീവമാണ്. ചെന്നൈ എഫ്സിക്കായും മത്സരിച്ചിട്ടുണ്ട്.