ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍
കേരളത്തിലെ അർജന്‍റീന ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ട് പ്രീ ക്വാർട്ടറില്‍ മെസിപ്പട പുറത്താകും എന്നാണ് റാദിന്‍റെ നിരീക്ഷണം
തൃശ്ശൂർ: ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഓരോ ഗ്രൂപ്പിലെയും ടീമുകളെയും താരങ്ങളേയും വിലയിരുത്തുക, ഗ്രൂപ്പ് ഘട്ടം മുതല്‍ കലാശപ്പോര് വരെ കണക്കുകള്‍ നിരത്തി ജേതാവിനെ പ്രവചിക്കുക. ഈ കാഴ്ച സ്പോർട്സ് ചാനലുകളില്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് സുപരിചിതമെങ്കിലും ലോകകപ്പ് അവലോകനവുമായി ശ്രദ്ധനേടുകയാണ് തൃശ്ശൂർ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർഥി റാദിൻ റെനീഷ്. പ്രിയ ടീം ക്രിസ്റ്റ്യാനോയുടെ പോർച്ചുഗല്‍ എങ്കിലും സുല്‍ത്താന്‍ നെയ്മറുടെ ബ്രസീല്‍ ഖത്തറില്‍ കിരീടമുയർത്തുമെന്നാണ് റാദിന്‍റെ നിരീക്ഷണം. പിതാവ് റെനീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് കേരളത്തിലെ കാല്‍പന്ത് പ്രേമികള്‍ക്ക് അത്ഭുതമായി വൈറലായത്.
സിആർ7 തന്നെ പ്രിയ താരം
ഇഷ്ട താരവും ടീമും കപ്പുയർത്തുമെന്ന പതിവ് ആരാധക അവകാശവാദം റാദിന് ഇല്ല. ഇഷ്ട ടീം പോർച്ചുഗലെങ്കിലും കപ്പ് കാനറികള്‍ കൊണ്ടുപോകും എന്നാണ് റാദിന്‍റെ പ്രവചനം. 'ഇഷ്ട ടീം പോർച്ചുഗലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിലുണ്ട് എന്നതാണ് പോർച്ചുഗലിനെ ഇഷ്ടപ്പെടാന്‍ കാരണം. പക്ഷേ അവർ കപ്പെടുക്കുമെന്ന് തോന്നുന്നില്ല. ബ്രസീലിനും ഫ്രാന്‍സിനും അർജന്‍റീനയ്ക്കുമാണ് സാധ്യത. പോർച്ചുഗല്‍ നല്ല ടീം തന്നെയാണ്. പക്ഷേ കിരീട സാധ്യതയില്ല'- തന്‍റെ കുഞ്ഞ് വിരലുകളില്‍ താരങ്ങളെയും ടീമുകളേയും എണ്ണിക്കൂട്ടി റാദിന്‍ വിവരിക്കുന്നു...
ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ് രണ്ടാമത്!
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പുകളെയെല്ലാം എണ്ണിയെണ്ണി പറഞ്ഞ് ഓരോ ടീമുകളുടെയും കരുത്തും ന്യൂനതകളും സാധ്യതകളും റാദിന്‍ പറയുന്നുണ്ട്. എ ഗ്രൂപ്പില്‍ നിന്ന് നെതർലന്‍ഡ്സും ബിയില്‍ ഇംഗ്ലണ്ടും സിയില്‍ അര്‍ജന്‍റീനയും ഡിയില്‍ ഫ്രാന്‍സിനെ പിന്നിലാക്കി ഡെന്‍മാർക്കും ഇയില്‍ ജർമനിയും എഫില്‍ ബെല്‍ജിയവും ജിയില്‍ ബ്രസീലും എച്ചില്‍ ഇഷ്ട ടീമായ പോർച്ചുഗലും മുന്നിലെത്തുമെന്നാണ് പ്രവചനം.
പ്രീ ക്വാർട്ടറില്‍ അർജന്‍റീന പുറത്തേക്ക്
പ്രീ ക്വാർട്ടറില്‍ നെതർലന്‍ഡ്സ്-വെയ്ല്‍സ് പോരാട്ടം നടക്കും. ഇതില്‍ നെതര്‍ലന്‍ഡ്സ് ജയിക്കും. സെനഗലും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ വിജയം ഇംഗ്ലീഷ് പടയ്ക്കാകും. അർജന്‍റീന-ഫ്രാന്‍സ് സൂപ്പർ പോരാട്ടത്തില്‍ ജയം എംബാപ്പെയും കൂട്ടരും കൊണ്ടുപോകും. കേരളത്തിലെ അർജന്‍റീന ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ട് പ്രീ ക്വാർട്ടറില്‍ മെസിപ്പട പുറത്താകും എന്നാണ് റാദിന്‍റെ നിരീക്ഷണം. പോളണ്ട്-ഡെന്‍മാർക്ക് അങ്കത്തില്‍ വിജയം ഡെന്‍മാർക്കിനാകും. ക്രൊയേഷ്യയെ തോല്‍പിച്ച് ജർമനിയും സ്പെയിനെ മലർത്തിയടിച്ച് ബെല്‍ജിയവും ഉറുഗ്വെയെ തളച്ച് ബ്രസീലും സ്വിസിനെതിരെ ജയിച്ച് പോർച്ചുഗലും ക്വാർട്ടറിലെത്തും എന്നും റാദിന്‍.
ക്വാർട്ടർ, ബ്രസീല്‍ പകരംവീട്ടും
വാശിയേറിയ പോരാട്ടങ്ങള്‍ ക്വാർട്ടറില്‍ അരങ്ങേറും എന്നാണ് റാദിന്‍ പറയുന്നത്. ഇന്നും ഉറക്കംകെടുത്തുന്ന തോല്‍വിക്ക് ജർമനിയോട് ബ്രസീല്‍ കണക്കുവീട്ടും എന്ന റാദിന്‍റെ വാക്കുകള്‍ കാനറി ആരാധകരെ ആവേശത്തിലാക്കും. ക്വാർട്ടറില്‍ നെതർലന്‍ഡ്സിനെ വീഴ്ത്തി ഫ്രാന്‍സും ജർമനിയെ തളച്ച് ബ്രസീലും ഡെന്‍മാർക്കിനെ വീഴ്ത്തി ഇംഗ്ലണ്ടും ബെല്‍ജിയത്തെ തോല്‍പിച്ച് പോർച്ചുഗലും സെമിയിലെത്തും. ബ്രസീല്‍-ഫ്രാന്‍സ് സെമി വന്നാല്‍ കാനറികള്‍ ഫൈനലിലെത്തും. പോർച്ചുഗലിനെതിരെ സെമിയില്‍ ഇംഗ്ലണ്ട് ജയിക്കും. ഫൈനലില്‍ ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് ബ്രസീല്‍ കപ്പടിക്കുമെന്നും റാദിന്‍ പറയുന്നു.
റാദിന്‍ ഒന്നാം ക്ലാസ് വിദ്യർഥി
തൃശ്ശൂർ വെങ്ങിനിശ്ശേരിക്കാരനായ റാദിന്‍ റെനീഷ് ഗുരുകുലം പബ്ലിക് സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്നു. ക്രിസ്റ്റ്യാനോയെ പോലൊരു ഫുട്ബോള്‍ താരമാകണമെന്നാണ് ആഗ്രഹം. യുകെജി മുതല്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ യൂറോ കപ്പ് മുതല്‍ എല്ലാ മത്സരങ്ങളും മുടങ്ങാതെ കാണുന്നു. മാതാപിതാക്കളായ റെനീഷും ഷബാനയും റാദിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. റാദിന്‍റെ ഫുട്ബോള്‍ പ്രേമം കാരണം തന്‍റെ ഉമ്മയടക്കം വീട്ടിലെല്ലാവരും കാല്‍പന്തിന്‍റെ ആരാധകരായതായി പിതാവ് റെനീഷ് പറയുന്നു. പ്രായമായ വല്ല്യുമ്മയും റാദിനൊപ്പം ഫുട്ബോള്‍ കാണാന്‍ സമയം ചിലവിടുന്നു. റാദിന്‍ എഫ്സി ഗോവക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കളി കാണാന്‍ പിതാവിനൊപ്പം കഴിഞ്ഞ ദിവസം കലൂരിലെത്തിയിരുന്നു. റാദിന്‍റെ ലോകകപ്പ് അവലോകനം വൈറലായതിന്‍റെ സന്തോഷത്തിലാണ് വീട്ടിലെല്ലാവരും.
കാണാം വീഡിയോ
മെസിയുടെ കളി കാണണം; സല്‍മാന്‍ കുറ്റിക്കോട് ലോകകപ്പിനായി ഖത്തറിലേക്ക്