Asianet News MalayalamAsianet News Malayalam

യൂറോ ആവേശത്തിനിടെ അറിഞ്ഞോ; കോപ്പ അമേരിക്കയില്‍ 17കാരന്‍റെ റെക്കോര്‍ഡ്

രാജ്യാന്തര കരിയറില്‍ ഇതിനകം ഒരുപിടി റെക്കോര്‍ഡുകള്‍ പേരിലാക്കിയ താരമാണ് കേണ്ട്രി പയസ്.

17 years old Kendry Paez becomes youngest goalscorer in Copa America 2024
Author
First Published Jun 27, 2024, 11:31 AM IST

നെവാഡ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് 2024ല്‍ റെക്കോര്‍ഡിട്ട് ഇക്വഡോറിന്‍റെ 17 വയസുകാരന്‍ കേണ്ട്രി പയസ്. ജമൈക്കക്ക് എതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ കോപ്പ അമേരിക്ക 2024ല്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം പയസ് സ്വന്തമാക്കി. കോപ്പ അമേരിക്ക ചരിത്രത്തിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോളുടമ കൂടിയാണ് കേണ്ട്രി പയസ്. മത്സരം 3-1ന് ഇക്വഡോര്‍ വിജയിച്ചു. 

കോപ്പയില്‍ ജമൈക്കക്കെതിരെ 45+4 മിനുറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റിയാണ് കേണ്ട്രി പയസ് റെക്കോര്‍ഡിട്ടത്. കോപ്പ അമേരിക്ക 2024ലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോറര്‍ എന്ന വിശേഷണം പയസിന്‍റെ പേരിനൊപ്പമായി. പയസിന് 17 വയസ് പ്രായമുള്ളപ്പോഴാണ് ഈ ഗോളിന്‍റെ പിറവി. എന്നാല്‍ കോപ്പ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോറര്‍ കൊളംബിയയുടെ ജോണിയർ മൊണ്ടാനോ ആണ്. 1999ല്‍ 16 വയസും 171 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ജന്‍റീനക്കെതിരെയായിരുന്നു മൊണ്ടാനോയുടെ ഗോള്‍. 

2023 ജൂണ്‍ അഞ്ചിനാണ് കേണ്ട്രി പയസിന് ഇക്വഡോര്‍ സീനിയര്‍ ടീമിലേക്ക് ക്ഷണം ലഭിച്ചത്. ഇതേ വര്‍ഷം സെപ്റ്റംബര്‍ 12ന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരത്തിലൂടെ സീനിയര്‍ അരങ്ങേറ്റം നടത്തി. മത്സരത്തില്‍ ഫെലിക്‌സ് ടോറസിന് മാച്ച് വിന്നിംഗ് ഗോളിനായി അസിസ്റ്റ് നല്‍കി താരം ശ്രദ്ധിക്കപ്പെട്ടു. ഇക്വഡോര്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരം, രാജ്യാന്തര ഫുട്ബോള്‍ കളിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ലാറ്റിനമേരിക്കന്‍ താരം എന്നീ നേട്ടങ്ങള്‍ അന്ന് പയസ് സ്വന്തമാക്കിയിരുന്നു. അര്‍ജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണയാണ് രാജ്യാന്തര അരങ്ങേറ്റം കുറിച്ച ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൗത്തമേരിക്കന്‍ ഫുട്ബോള്‍ താരം. 

2023 ഒക്ടോബര്‍ 12ന് ബൊളീവിയക്കെതിരെ ഇക്വഡോര്‍ 2-1ന്‍റെ ജയം നേടിയപ്പോള്‍ കേണ്ട്രി പയസ് തന്‍റെ കന്നി രാജ്യാന്തര ഗോള്‍ നേടി. ഇതോടെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി മാറി. 16 വയസും 161 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു കേണ്ട്രി പയസിന്‍റെ ഗോള്‍. ഭാവിയില്‍ ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ് ചെല്‍സിക്കൊപ്പം പന്ത് തട്ടാനായി കാത്തിരിക്കുന്ന താരമാണ് കേണ്ട്രി പയസ്. 2025ല്‍ 18 വയസ് പൂര്‍ത്തിയാകുന്നതോടെയാണ് താരം ചെല്‍സിക്കായി അരങ്ങേറുക. 

Read more: അട്ടിമറിച്ച ജോർജിയ അടുത്ത റൗണ്ടിലേക്ക്, തോറ്റിട്ടും ഗ്രൂപ്പ് കിംഗായി പോര്‍ച്ചുഗല്‍; യൂറോ പ്രീക്വാർട്ടർ ലൈനപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios