'നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും കുട്ടികള്‍ക്കും ഈ ഭക്ഷണം നല്‍കുമോ?'
മിക്കപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രെയിൻ ഭക്ഷണത്തെ കുറിച്ച് പരാതികളുയര്‍ന്നുകേള്‍ക്കുകയും ഇതില്‍ ധാരാളം ചര്‍ച്ചകളുണ്ടാവുകയും ചെയ്യാറുണ്ട്.
ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ നാം എപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ് വൃത്തിയെ ചൊല്ലിയുള്ള ആശങ്കയും അതുപോലെ രുചിയില്ലായ്മയും. വൃത്തിയായും രുചിയോടെയും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോ സ്ഥാപനങ്ങളോ എല്ലാം നമ്മുടെ ചുറ്റുപാടില്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളും എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്.
ഇത്തരത്തില്‍ മിക്കപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രെയിൻ ഭക്ഷണത്തെ കുറിച്ച് പരാതികളുയര്‍ന്നുകേള്‍ക്കുകയും ഇതില്‍ ധാരാളം ചര്‍ച്ചകളുണ്ടാവുകയും ചെയ്യാറുണ്ട്.
സമാനമായ രീതിയില്‍ ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് ഒരു യുവതി ട്വിറ്ററില്‍ പങ്കുവച്ച രൂക്ഷ വിമര്‍ശനമാണിപ്പോള്‍ കാര്യമായ ശ്രദ്ധ നേടുന്നത്. ട്രെയിനില്‍ നിന്ന് ഇവര്‍ വാങ്ങിക്കഴിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചോറും പച്ചക്കറി കറികളുമാണ് ഫോട്ടോയില്‍ കാണുന്നത്.
കാഴ്ചയ്ക്ക് ഇതില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അനുഭവപ്പെടാനില്ല. എന്നാലീ ഭക്ഷണം തീരെ ഗുണമേന്മ പുലര്‍ത്താത്തത് ആണെന്നാണ് യുവതിയുടെ വിമര്‍ശനം. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം ഇതുവരെ രുചിച്ചുനോക്കിയിട്ടുണ്ടോ എന്ന് ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്ത് ചോദിച്ചുകൊണ്ടാണ് ഭൂമിക എന്ന യുവതി തന്‍റെ വിമര്‍ശനം തുടങ്ങുന്നത്.
'ഇത്രയും ഗുണനിലവാരമില്ലാത്ത ഭക്ഷണം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്കോ കുട്ടികള്‍ക്കോ നല്‍കുമോ? ഇത് തടവുകാര്‍ക്ക് കൊടുക്കുന്ന ഭക്ഷണം പോലെയുണ്ട്. ട്രെയിന്‍ ടിക്കറ്റ് നിരക്ക് നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. പക്ഷേ അതേ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ഇപ്പോഴും നിങ്ങള്‍ ആളുകള്‍ക്ക് നല്‍കിവരുന്നത്... -' ഇതായിരുന്നു ഭൂമിക ട്വിറ്ററില്‍ കുറിച്ചത്.
നിരവധി പേരാണ് ഭൂമികയുടെ ട്വീറ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. മിക്കവരും ട്രെയിനിലെ ഭക്ഷണം തീരെ മോശമാണെന്ന അഭിപ്രായം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം ഒരു വിഭാഗം പേര്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്ര ഗുണനിലവാരമുള്ള ഭക്ഷണമേ കിട്ടൂവെന്നും അത് പറ്റാത്തവര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ യുവതിയുടെ ട്വീറ്റിന് മറുപടിയുമായി 'റെയില്‍വേ സേവ' രംഗത്തെത്തി. എന്നാല്‍ യുവതിയെ 'സര്‍' എന്ന് തെറ്റായി അഭിസംബോധന ചെയ്ത് തുടങ്ങിയ ട്വീറ്റിന് ട്രോളാണ് ഏറ്റവുമധികം ലഭിച്ചിരിക്കുന്നത്.