സൊമാറ്റോയില്‍ നിന്നുള്ള അനുഭവം കമന്‍റ് ചെയ്ത് യുവതി; സംഭവം 'മുക്കാൻ ശ്രമം' എന്ന് ആരോപണം

ഇവരോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്കും ഈ ഭക്ഷണം ഭക്ഷ്യവിഷബാധയുണ്ടാക്കിയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ മാത്രമല്ല, മറ്റ് പലരും സമാനമായ പരാതി ഇതേ റെസ്റ്റോറന്‍റിനെതിരെ ഉന്നയിച്ചതായും ഇവര്‍ പറയുന്നു. 

woman complaints about a restaurant in zomato but company removed the review

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ഇന്ന് ഏറെ സജീവമാണ്. പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട് തിരക്ക് പിടിച്ച ജീവിതവുമായി മുന്നോട്ട് പോകുന്നവരെ സംബന്ധിച്ച് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി വലിയ സഹായമാണ്. അതേസമയം തന്നെ ഓണ്‍ലൈനായി ഭക്ഷണമെത്തിക്കുമ്പോള്‍ അതില്‍ പരാതികള്‍ ഉയരാനുള്ള സാധ്യതകളും ഏറെയാണ്. 

ഇത്തരത്തിലുള്ള പരാതികള്‍ എപ്പോഴും വരാറുണ്ട്. ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കമ്പനികള്‍ ഇങ്ങനെ വ്യാപകമായി ശ്രദ്ധ നേടുന്ന പരാതികള്‍ പ്രത്യേകമായിത്തന്നെ പരിഗണിക്കുന്നതും നാം കാണാറുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ വിഭാഗം ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പാലിക്കാറുണ്ട് എന്നതാണ് സത്യം.

ഇപ്പോഴിതാ സൊമാറ്റോയ്ക്കെതിരായി ഒരു യുവതി സമാനമായ രീതിയില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബംഗലൂരു സ്വദേശിയായ ദിശ സംഗ്വി എന്ന യുവതിയാണ് ട്വിറ്ററിലൂടെ തന്‍റെ പരാതി അറിയിച്ചിരിക്കുന്നത്.

ബംഗലൂരുവിലെ കോറമംഗലയിലെ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായതോടെ ഇക്കാര്യം സൊമാറ്റോ ആപ്പിലെ റിവ്യൂ കമന്‍റ് സെക്ഷനില്‍ ഇവര്‍ അറിയിച്ചിരുന്നുവത്രേ. ഇവരോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്കും ഈ ഭക്ഷണം ഭക്ഷ്യവിഷബാധയുണ്ടാക്കിയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ മാത്രമല്ല, മറ്റ് പലരും സമാനമായ പരാതി ഇതേ റെസ്റ്റോറന്‍റിനെതിരെ ഉന്നയിച്ചതായും ഇവര്‍ പറയുന്നു. 

എന്നാല്‍ റിവ്യൂ കമന്‍റായി താൻ പ്രശ്നമുന്നയിച്ചപ്പോള്‍ കമ്പനി ആ കമന്‍റ് നീക്കം ചെയ്തുവെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. തങ്ങളുടെ ഗൈഡ്ലൈനിന് അനുസരിച്ചുള്ള കമന്‍റ് അല്ല അത് എന്ന് ചൂണ്ടിക്കാട്ടിയാണ് സൊമാറ്റോ കമന്‍റ് നീക്കം ചെയ്തത്. ഇക്കാര്യം അറിയിച്ച് സൊമാറ്റോ ഇവര്‍ക്ക് മെയിലും അയച്ചിരുന്നു. ഈ മെയിലിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് ദിശയുടെ ട്വീറ്റ്. 

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ട്വീറ്റ് വൈറലായി. തുടര്‍ന്ന് വീണ്ടും സൊമാറ്റോ പ്രശ്നത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫോണ്‍ നമ്പറോ ഓര്‍ഡര്‍ ഐഡിയോ സ്വകാര്യസന്ദേശത്തില്‍ നല്‍കിയാല്‍ ഉടൻ തന്നെ ഇതില്‍ അന്വേഷണം നടത്തുമെന്നുമാണ് കമ്പനി ട്വിറ്ററിലൂടെ തന്നെ അറിയിച്ചിരിക്കുന്നത്. 

ഓണ്‍ലൈൻ ഫുഡ് ആകുമ്പോള്‍ അതിന്‍റെ ഗുണമേന്മ സംബന്ധിച്ച് അടുത്തിടെയായി ധാരാളം പരാതികള്‍ ഉയര്‍ന്നുവരുന്നത് കാണാം. ഇത് റെസ്റ്റോറന്‍റുകളുടെ പിഴവാണെങ്കില്‍ പോലും ഡെലിവെറി കമ്പനികളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടല്ലോ എന്നാണ് ഉപഭോക്താക്കളുടെ പക്ഷം. ദിശയുടെ ട്വീറ്റിന് താഴെയും ഇത്തരത്തിലുള്ള പല അനുഭവങ്ങളും നിരവധി പേര്‍ പങ്കുവച്ചിട്ടുണ്ട്. 

 

Also Read:- സ്വിഗ്ഗി- സൊമാറ്റോ വിലയും നേരിട്ട് കടയില്‍ നിന്ന് വാങ്ങിക്കുന്ന വിലയും; ചിന്തിക്കേണ്ട കാര്യം

Latest Videos
Follow Us:
Download App:
  • android
  • ios