ഊണിന് ശേഷം രസം കഴിക്കുന്നത് എന്തിനാണെന്ന് അറിയാമോ?
പലരും ഊണ് കഴിച്ച ശേഷം അവസാനമാണ് രസം കഴിക്കാറ്. ഒന്നുകില്‍ അവസാനത്തെ ഏതാനും പിടി ചോറിനൊപ്പം രസം ചേര്‍ക്കും. അതല്ലെങ്കില്‍ മുഴുവൻ കഴിച്ചുതീര്‍ന്ന ശേഷം രസം കുടിക്കും
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സദ്യ. പല കറികളും പപ്പടവും പായസവും അടക്കം വിഭവസമൃദ്ധമായിരിക്കും സദ്യ. സദ്യയിലും, ഇത്രയധികം കറികളൊന്നുമില്ലാത്ത സാധാരണ ഊണിലുമൊക്കെ സ്ഥിരം കാണുന്നൊരു കറിയായിരിക്കും രസം. വീടുകളിലും മിക്കവരും പതിവായി തന്നെ തയ്യാറാക്കുന്ന കറി കൂടിയാണ് രസം.
പലര്‍ക്കും രസം കഴിക്കാനിഷ്ടമില്ലെന്നതാണ് സത്യം. ഈണ് കഴിയുന്നത് വരെയും കഴിഞ്ഞാലും രസം തൊട്ടുപോലും നോക്കാത്തവരും ഏറെയുണ്ട്. അതേസമയം തന്നെ രസപ്രേമികളും നമുക്കിടയില്‍ ധാരാളമുണ്ട്. ഊണിനുള്ള ഒരു കറി എന്ന നിലയില്‍ അല്ല രസം തയ്യാറാക്കുന്നത്. പിന്നെയോ?
പലരും ഊണ് കഴിച്ച ശേഷം അവസാനമാണ് രസം കഴിക്കാറ്. ഒന്നുകില്‍ അവസാനത്തെ ഏതാനും പിടി ചോറിനൊപ്പം രസം ചേര്‍ക്കും. അതല്ലെങ്കില്‍ മുഴുവൻ കഴിച്ചുതീര്‍ന്ന ശേഷം രസം കുടിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ വ്യക്തമാകുമല്ലോ, രസത്തിന്‍റെ ധര്‍മ്മം? അല്ലേ?
അതെ, ദഹനം എളുപ്പത്തിലാക്കുക, അല്ലെങ്കില്‍ ദഹനപ്രശ്നങ്ങള്‍ അകറ്റുക എന്നതാണ് രസത്തിന്‍റെ ഏകധര്‍മ്മം. രുചിയൊക്കെ ഇതിന് ശേഷം മാത്രമേ വരൂ. ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഒരു പിടി ചേരുവകള്‍ ചേര്‍ത്ത് രസം തയ്യാറാക്കുന്നത് തന്നെ ഇതിനാണ്.
മല്ലി, കുരുമുളക്, പുളി എന്നിങ്ങനെ പല സ്പൈസുകളും ദഹനത്തിന് സഹായകമാകുന്ന മറ്റ് ചേരുവകളുമെല്ലാം ആണ് രസത്തില്‍ വരുന്നത്. ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കുന്നതിനും വിശപ്പ് തോന്നിക്കുന്നതിനും എല്ലാം രസം സഹായിക്കും. എന്നാല്‍ രസം അമിതമായി കഴിക്കാതിരിക്കാനും ശ്രമിക്കണം. പ്രത്യേകിച്ച് വയറ്റില്‍ കാര്യമായ ഭക്ഷണങ്ങളൊന്നും ഇല്ലാത്തപ്പോള്‍. അങ്ങനെ കഴിച്ചാല്‍ രസം അസിഡിറ്റിയിലേക്ക് (നെഞ്ചിരിച്ചിലും പുളിച്ചുതികട്ടലും) നയിക്കാം.
രസം മാത്രമല്ല, ഊണിന് ശേഷം ഇത്തരത്തില്‍ ചില പാനീയങ്ങള്‍ അല്‍പം കഴിക്കുന്നത് ദഹനം കൂട്ടാൻ സഹായിക്കും. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം. കറ്റാര്‍ വാഴ ജ്യൂസ് എന്നിവയെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്. ഇവയ്ക്കെല്ലാം ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ദഹനം കൂട്ടുന്നതിനുമുള്ള കഴിവുണ്ട്.
Also Read:- 'ലഞ്ച് ബോക്സ്' എളുപ്പത്തിലാക്കാം, ഹെല്‍ത്തിയുമാക്കാം; ഇതാ മൂന്ന് ഐഡിയകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-