പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ച?; കാരണം ഇവയാകാം...
പുറത്തുനിന്ന് ഭക്ഷണം കഴിച്ച് വന്നതിന് പിന്നാലെ കടുത്ത തളര്‍ച്ച തോന്നുന്നതിന് കാരണമായേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്
പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നതില്‍ മിക്കവര്‍ക്കും വലിയ താല്‍പര്യമുണ്ടാകാറില്ല. ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ പ്രശ്നങ്ങള്‍ തന്നെയാണ് ആളുകളെ അലട്ടുന്നത്. ഇതെല്ലാം മാനിച്ച് പലരും വിശ്വാസമുള്ള റെസ്റ്റോറന്‍റുകളിലും കഫേകളിലും മാത്രം പോവുകയും ചെയ്യാറുണ്ട്.
പാചകവും ഭക്ഷണം വിതരണം ചെയ്യലുമെല്ലാം ഏറെ ശ്രദ്ധ വേണ്ട മേഖല തന്നെയാണ്. അശ്രദ്ധയും പാളിച്ചകളും ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പിടിപെടാനോ, ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കാനോ എല്ലാം ഇടയാക്കാം.
ഇത്തരത്തില്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ച് വന്നതിന് പിന്നാലെ കടുത്ത തളര്‍ച്ച തോന്നുന്നതിന് കാരണമായേക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണശേഷം മറ്റൊന്നും ചെയ്യാനാകാത്ത വിധത്തില്‍ തളര്‍ച്ച ബാധിക്കുമ്പോള്‍ പലരും അത് കഴിച്ചത് 'ഹെവി' ആയതിനാലാണ് എന്നാണ് ന്യായീകരിക്കാറ്.
പക്ഷേ മറ്റ് ചില വിഷയങ്ങള്‍ കൂടി ഇങ്ങനെ തളര്‍ച്ചയിലേക്ക് നയിക്കാമെന്നതാണ് സത്യം. ഒന്ന്, നമ്മള്‍ പുറത്തുനിന്ന് കഴിച്ച ഭക്ഷണത്തില്‍ ചേര്‍ത്തിരിക്കുന്ന സോസുകളും ഗ്രേവികളും ആകാം കാരണം. അതായത് വിഭവങ്ങളില്‍ ചേര്‍ക്കുന്ന ഒനിയൻ സോസ്, ഗാര്‍ലിക് സോസ്, മറ്റ് ഗ്രേവികള്‍ എന്നിവയെല്ലാം നേരത്തെ തയ്യാറാക്കി വച്ചതായിരിക്കും. ഇവ ഫ്രിഡ്ജിലായിരിക്കും സൂക്ഷിച്ചിരുന്നത്.
പാചകസമയത്ത് ഫ്രിഡ്ജില്‍ നിന്നെടുത്ത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നു. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്തില്‍ സോസുകളില്‍ നിന്നും മറ്റും ഉത്പാദിപ്പിക്കപ്പെടുന്ന 'മൈക്കോടോക്സിൻസ്' പോലുള്ള വിഷപദാര്‍ത്ഥങ്ങള്‍ നമ്മെ ബാധിക്കാം. ഇതിന്‍റെ ഭാഗമായി തളര്‍ച്ച നേരിടാം. ഇതുതന്നെ കാര്യമായി ബാധിച്ചാല്‍ ഫുഡ് പോയിസണ്‍ ആകാം.
നേരത്തെ വേവിച്ച് വച്ച ശേഷം പിന്നീട് ഓര്‍ഡറിന് അനുസരിച്ച് വിഭവം തയ്യാറാക്കുക മാത്രം ചെയ്യലാണ് മിക്ക റെസ്റ്റോറന്‍റുകളിലെയും രീതി. ഇങ്ങനെ നേരത്തെ വേവിച്ച് വച്ചതാകുമ്പോള്‍, വളരെ പഴകിയ ഭക്ഷണസാധനങ്ങള്‍ വരെ ഫ്രിഡ്ജില്‍ വച്ച് ഇവര്‍ ഉപയോഗിക്കാം. ഇങ്ങനെ വരുന്ന എന്തും തളര്‍ച്ചയിലേക്കോ ഒരു പടി കൂടി കടന്നാല്‍ ഭക്ഷ്യവിഷബാധയിലേക്കോ നയിക്കാം.
പച്ചക്കറികളും ഇലകളും മറ്റും കഴുകാതെയും നേരാംവണ്ണം വൃത്തിയാക്കാതെയും പാചകത്തിന് ഉപയോഗിക്കുന്നതിന്‍റെ ഫലമായും ആ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വല്ലാത്ത തളര്‍ച്ച തോന്നാം. വൈറസുകളടക്കമുള്ള രോഗകാരികള്‍ നമ്മുടെ ശരീരത്തിലെത്തുന്നതിനും ഇത് കാരണമാകുന്നു.
വയറിന് പ്രശ്നമാകുന്ന തരത്തില്‍ വിവിധ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നതും ഈ തളര്‍ച്ചയ്ക്കുള്ള ഒരു കാരണമാണ്. പല വിഭവങ്ങള്‍ ഒന്നിച്ച് കഴിക്കുമ്പോഴാണിത് അനുഭവപ്പെടുക. ആയുര്‍വേദത്തിലാണ് ഇത്തരത്തില്‍ വിരുദ്ധാഹാരം എന്ന ആശയമുള്ളത്. ഇത് പലരിലും പ്രായോഗികമായി ബാധിക്കപ്പെടാറുമുണ്ട്.
Also Read:- ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടത് എന്തെല്ലാം?; പ്രോട്ടീൻ ഭക്ഷണമോ കാര്‍ബ് അടങ്ങിയതോ നല്ലത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-