പ്രായം മുപ്പത് കഴിഞ്ഞോ? എങ്കില്‍, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; കാരണമിതാണ്...
ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.
പ്രായമേറുന്തോറും നമ്മുടെ ചര്‍മ്മത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത് പൂര്‍ണമായും തടയാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ നമ്മുക്ക് ചര്‍മ്മ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. കൂടാതെ നിങ്ങളുടെ തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്.
ചര്‍മ്മത്തിന് പുറമേ എല്ലുകൾ, പേശികൾ, കുടലിന്‍റെ ആരോഗ്യം എന്നിവയെ സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ് മുപ്പത് കഴിഞ്ഞവര്‍ക്ക് കൊളാജൻ ആവശ്യമാണെന്ന് പറയുന്നതിന്‍റ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
ഒന്ന്...
കൊളാജൻ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകളെയും വരകളയെും തടയുകയും യുവത്വം നിലനിർത്തുകയും ചെയ്യും. കൊളാജന്‍ കുറയുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാം, ഇലാസ്തികത കുറയാം. ഇതൊക്കെ മൂലം പ്രായം തോന്നിക്കാന്‍ കാരണമാകും. അതിനാല്‍ മുപ്പത് കഴിഞ്ഞാല്‍ തന്നെ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
രണ്ട്...
എല്ലുകളെ ആരോഗ്യകരമായി നിലനിർത്താനും കൊളാജൻ ആവശ്യമാണ്. അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കൊളാജൻ സഹായിക്കും,
മൂന്ന്...
തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ വേണം. കൊളാജന്‍റെ കുറവു മൂലം തലമുടി കൊഴിയാനും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാനും കാരണമാകും. അതിനാല്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്...
ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ സഹായിക്കും. മാംസം, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മറ്റ് പ്രോട്ടീൻ സ്രോതസ്സുകളിൽ നിന്ന് വ്യത്യസ്തമായി, കൊളാജൻ എളുപ്പത്തിൽ ദഹിക്കുന്നു. അതിനാല്‍ ദഹനം എളുപ്പമാക്കാന്‍ ഡയറ്റില്‍ കൊളാജൻ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
അഞ്ച്...
ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും കൊളാജൻ സഹായിക്കും. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിൽ കൊളാജൻ ഉൾപ്പെടുത്തുന്നതിലൂടെ, കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആറ്...
പ്രായമാകുമ്പോൾ സന്ധി വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കൊളാജൻ സന്ധി വേദനയ്ക്ക് ആശ്വാസമേകും.
ഏഴ്...
മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളാജൻ സഹായിക്കും.
കൊളാജന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
മത്സ്യം, ചിക്കന്‍, മുട്ടയുടെ വെള്ള, ഓറഞ്ച്, നെല്ലിക്ക, ഇല്ലക്കറികള്‍, ബെറി പഴങ്ങള്‍, തക്കാളി, പേരയ്ക്ക, ബീന്‍സ്, കാപ്സിക്കം, അണ്ടിപ്പരിപ്പ് തുടങ്ങിയവയൊക്കെ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുട്ടിനു തേയ്മാനം തടയാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ...