ജ്യൂസ് തയ്യാറാക്കിയ ശേഷം അരിക്കാറുണ്ടോ? ഭക്ഷണത്തിന് പകരം ജ്യൂസ് കഴിക്കാറുണ്ടോ? നിങ്ങളറിയേണ്ടത്

ഒരു നേരത്തെ ഭക്ഷണത്തിന് പകരം ജ്യൂസ് കഴിക്കാം എന്ന രീതിയില്‍ ഡയറ്റിനെ ക്രമീകരിക്കുന്നവരുമുണ്ട്. ജ്യൂസാകുമ്പോള്‍ എല്ലാ പോഷകങ്ങളും കിട്ടുകയും ചെയ്യും, എന്നാല്‍ ഭക്ഷണത്തിലൂടെ അധികം കലോറിയോ കൊഴുപ്പോ ഒന്നും എത്തുകയുമില്ല. 

what happens when you have juice instead of meals hyp

ഡയറ്റ്, വര്‍ക്കൗട്ട് എന്നിങ്ങനെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നല്ലരീതിയില്‍ പ്രാധാന്യം നല്‍കുന്ന ധാരാളം പേരുണ്ട്. നിത്യജീവിതത്തില്‍ കഴിക്കാൻ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, ഇവയുടെ സമയക്രമം, ഉറക്കം, വ്യായാമം, വിശ്രമം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങളിലെല്ലാം ഇവര്‍ കാര്യമായ ശ്രദ്ധ ചെലുത്താം. 

ഇത്തരക്കാര്‍ ആണ് അധികവും ജ്യൂസുകളെ ആശ്രയിക്കാറ്. ഒരു നേരത്തെ ഭക്ഷണത്തിന് പകരം ജ്യൂസ് കഴിക്കാം എന്ന രീതിയില്‍ ഡയറ്റിനെ ക്രമീകരിക്കുന്നവരുമുണ്ട്. ജ്യൂസാകുമ്പോള്‍ എല്ലാ പോഷകങ്ങളും കിട്ടുകയും ചെയ്യും, എന്നാല്‍ ഭക്ഷണത്തിലൂടെ അധികം കലോറിയോ കൊഴുപ്പോ ഒന്നും എത്തുകയുമില്ല. 

പക്ഷേ, ഒരു നേരത്തെ ഭക്ഷണത്തിന് പകരമായി ജ്യൂസ് കഴിക്കുന്നത് അത്ര നല്ല തെരഞ്ഞെടുപ്പല്ല എന്നാണ് പൊതുവെ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അല്ലെങ്കില്‍ അത്രയും ശ്രദ്ധയോടെ വേണം ആ ജ്യൂസ് തെരഞ്ഞെടുക്കാനും തയ്യാറാക്കാനും.

ചിലര്‍ ദിവസവും ജ്യൂസ് കഴിക്കും. പഴങ്ങള്‍ കഴിക്കുന്നതിനുള്ള മടി കൊണ്ടുമാകാംമിത്. എന്നാല്‍ പഴങ്ങള്‍ക്ക് പകരമാവില്ല ഒരിക്കലും ജ്യൂസുകള്‍ എന്ന് മനസിലാക്കുക. പഴങ്ങളിലൂടെ കിട്ടുന്ന വൈറ്റമിനുകളോ ധാതുക്കളോ ഒന്നും ജ്യൂസിലൂടെ കിട്ടുകയില്ല.

പുറത്തുനിന്നാണ് ജ്യൂസ് കഴിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും ജാഗ്രത പാലിക്കേണ്ട വിഷയമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാരണം പുറത്തുനിന്ന് കഴിക്കുന്നതും പാക്കേജ്ഡ് ആയതുമായ ജ്യൂസുകളില്‍ ഷുഗര്‍ വളരെ കൂടുതലാണ്. ഇത് പ്രമേഹ സാധ്യത, വണ്ണം കൂടാനുള്ള സാധ്യത എന്നിവയെല്ലാം ഉണ്ടാക്കുന്നു. 

പൊതുവെ ആളുകള്‍ വീട്ടില്‍ തയ്യാറാക്കുന്ന ജ്യൂസുകളാണെങ്കില്‍ അരിച്ച് കഴിക്കാറാണ് പതിവ്. പഴങ്ങളോ പച്ചക്കറിയോ ഏതാണെങ്കിലും അവയുടെ ചണ്ടി കളയുകയും ചെയ്യം. എന്നാല്‍ പഴങ്ങളിലോ പച്ചക്കറികളിലോ അടങ്ങിയിരിക്കുന്ന ഫൈബറാണ് ഈ കളയുന്നതെല്ലാം. അതിനാല്‍ തന്നെ നല്ലരീതിയില്‍ അരിച്ചെടുത്ത് ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് നഷ്ടമാണ്. അല്‍പം ഫൈബറും അകത്തെത്തുന്നതാണ് ഗുണകരം.

അതുപോലെ ജ്യൂസ് കഴിച്ചാല്‍ പെട്ടെന്ന് തന്നെ വിശക്കാനും വിശപ്പ് കാര്യമായ രീതിയില്‍ അനുഭവപ്പെടാനും അതുത്ത നേരം കൂടുതല്‍ കഴിക്കാനും സാധ്യതയുണ്ട്. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. വിശക്കുമ്പോള്‍ ഭക്ഷണത്തിന് പകരമായി പതിവായി ജ്യൂസ് കഴിക്കുമ്പോഴാകട്ടെ പ്രോട്ടീൻ- ഫാറ്റ് എന്നിവയിലെല്ലാം ശരീരത്തില്‍ കുറവ് സംഭവിക്കാം. അതിനാല്‍ പ്രോട്ടീൻ - ഫാറ്റ് എന്നിവയെല്ലാം ലഭിക്കും വിധം പാല്‍, ബദാം, യോഗര്‍ട്ട്. ഫ്ളാക്സ് സീഡ്സ് എന്നിങ്ങനെയുള്ള ചേരുവകള്‍ കൂട്ടിച്ചേര്‍ക്കാം. 

പുറത്തുനിന്നുള്ള ജ്യൂസ് പരമാവധി ഒഴിവാക്കി വീട്ടില്‍ തന്നെ മധുരം കുറച്ച് നല്ല ഹെല്‍ത്തിയായ ജ്യൂസ് തയ്യാറാക്കി കഴിക്കാം. ഇതിനായി പഴങ്ങളും പച്ചക്കറികളും തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവ തന്നെ തെരഞ്ഞെടുക്കുക. കാരണം വിവിധങ്ങളായ വൈറ്റമിനുകളും പോഷകങ്ങളും ശരീരത്തിലെത്താൻ ഇതൊരു മികച്ച മാര്‍ഗമാണ്. കഴിയുന്നതും ഫലങ്ങളുടെ പള്‍പ്പ് തന്നെ കഴിക്കാൻ ശ്രമിക്കുക. കൂടുതല്‍ സമയം മിക്സിയില്‍ ഇട്ട് അടിക്കുംതോറും ഇവയുടെ പോഷകമൂല്യം കുറയുകയാണ് ചെയ്യുന്നത്. 

Also Read:- ചായ അരിപ്പ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വരാം ; പ്രയോഗിക്കാം ഈ ടിപ്സ്

 

Latest Videos
Follow Us:
Download App:
  • android
  • ios