വണ്ണം കുറയ്ക്കണോ? അത്താഴത്തിന് ചോറിന് പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം.
വണ്ണം കുറയ്ക്കാന്‍ നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാല്‍ വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അവ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വണ്ണം വയ്ക്കാനൊരു പ്രധാന കാരണമാണ്. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും അത്താഴം കഴിച്ചിരിക്കണം. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. അതായത് ചോറ് രാത്രി കഴിക്കരുത്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും.
രണ്ട്...
നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സുകള്‍ രാത്രി കഴിക്കുന്നത് നല്ലതാണ്.
മൂന്ന്...
ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാല്‍ രാത്രി ഒരു ആപ്പിള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്.
നാല്...
അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്താഴത്തിന് ഒരു മുട്ട കഴിക്കാം.
അഞ്ച്...
ഉപ്പുമാവ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാല്‍ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തില്‍ പ്രയോജനപ്പെടുന്നത്.
ആറ്...
പഴങ്ങള്‍ കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും ഈ മൂന്ന് ഭക്ഷണങ്ങള്‍...