വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍...

വണ്ണം കുറയ്ക്കാനായി ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത്  ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. 

Vegetables you must add to your Winter Diet

അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി ഇത്തരത്തില്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത്  ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. 

ഈ കൊവിഡ് കാലത്തും രോഗപ്രതിരോധശേഷി നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രതിരോധശേഷി ലഭിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക കൂടി വേണം. അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയായ ക്യാരറ്റ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പിനെ ഇവ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കുകയും ചെയ്യും. 

രണ്ട്...

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. 

മൂന്ന്...

ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ പച്ചക്കറിയാണിത്. പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും  ബീറ്റ്റൂട്ട് സഹായിക്കും.  രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും ഇവ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

നാല്...

മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ  മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

അഞ്ച്...

ഗ്രീന്‍ ബീന്‍സ് കഴിക്കാന്‍ ഇഷ്ടമാണോ? കലോറിയും കാര്‍ബോയും കുറഞ്ഞതാണ് ഗ്രീന്‍ ബീന്‍സ്.  ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിക്കാനും നല്ലതാണ്. 

Also Read: റാഡിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios