Skin Care: ചർമ്മം സുന്ദരമാക്കണോ? കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...

പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകളും പോഷകങ്ങളും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിച്ച് ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. 

Vegetables for healthy and glowing skin

ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോവുകയും പല സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്.  

പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകളും പോഷകങ്ങളും ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ധിപ്പിച്ച് ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. അത്തരത്തില്‍ ചില പച്ചക്കറികളെ പരിചയപ്പെടാം...

ഒന്ന്...

തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ തക്കാളി സഹായിക്കും. ആന്‍റി ഓക്​സിഡന്‍റ്​  ഘടകങ്ങളാൽ സമ്പന്നമാണ് തക്കാളി​. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാനും ഇത്​ സഹായിക്കുന്നു. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കുടിക്കുന്നതും​ ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും. 

രണ്ട്...

വെള്ളരിക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയാണിത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇതിലും നല്ലൊരു പച്ചക്കറിയില്ല. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പതിവാക്കാം. 

മൂന്ന്...

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. അതിനാല്‍ ദിവസവും ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

നാല്...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ ഗുണം നല്‍കും. ചര്‍മ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.  ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്  ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. 

അഞ്ച്...

പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉൾപ്പെടുത്താം. 

Also Read: ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ ആറ് നാടന്‍ വഴികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios