വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് 15 രൂപയ്ക്ക് വിലപേശല്‍ നടത്തുന്ന കേന്ദ്രമന്ത്രി; വീഡിയോ
വഴിയരികില്‍ ചോളം വില്‍ക്കുന്ന കടയിലാണ് മന്ത്രി കാറില്‍ വന്നിറങ്ങുന്നത്. ശേഷം ചോളത്തിന് ഓര്‍ഡര്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നെല്ലാം വിശദമായി ബാലനോട് പറയുന്നുണ്ട്. തുടര്‍ന്ന് ചോളത്തിന്‍റെ വില പറയുമ്പോള് മന്ത്രിയുടെ പ്രകൃതം മാറുകയാണ്.
വഴിയോരക്കച്ചവടക്കാരുമായി ( Street Seller ) വിലപേശല്‍ നടത്തുകയെന്നത് നമ്മുടെ നാട്ടില്‍ പൊതുവേയുള്ള ഒരു രീതിയാണ്. ബ്രാൻഡഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ പോയി വിലപേശല്‍ നടത്താത്തവരാണ് മിക്കവാറും അന്നന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന വഴിയോരക്കച്ചവടക്കാരുമായി വിലപേശല്‍ നടത്തുക.
ഇവിടെയിതാ ഒരു കേന്ദ്രമന്ത്രി തന്നെ ( Union Minister ) ഇങ്ങനെ വില പേശല്‍ നടത്തുന്നതിന്‍റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഗ്രാമവികസന വകുപ്പ് - സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെയാണ് വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് ചോളത്തിന്‍റെ വിലയെ ചൊല്ലി തര്‍ക്കിക്കുന്നത്.
മദ്ധ്യപ്രദേശിലെ സിയോനിയില്‍ നിന്നും മാണ്ഡ്ലയിലേക്കുള്ള യാത്രാമദ്ധ്യേ, ഒരു ഗ്രാമപ്രദേശത്ത് വഴിയരികില്‍ ചോളം വില്‍ക്കുന്ന കടയിലാണ് മന്ത്രി ( Union Minister ) കാറില്‍ വന്നിറങ്ങുന്നത്. ശേഷം ചോളത്തിന് ഓര്‍ഡര്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നെല്ലാം വിശദമായി ബാലനോട് പറയുന്നുണ്ട്.
തുടര്‍ന്ന് ചോളത്തിന്‍റെ വില പറയുമ്പോള് മന്ത്രിയുടെ പ്രകൃതം മാറുകയാണ്. മൂന്ന് ചോളത്തിന് 45 രൂപയാണ് ബാലൻ പറഞ്ഞത്. അതായത് ഒരു ചോളത്തിന് 15 രൂപ. ഇത് വളരെ കൂടുതലായ വിലയാണെന്ന് പറഞ്ഞാണ് മന്ത്രി പിന്നീട് ബാലനോട് വിലപേശല്‍ നടത്തുന്നത്. ഇവിടങ്ങളില്‍ ചോളം വെറുതെ കിട്ടുമെന്ന് വരെ മന്ത്രി പറയുന്നുണ്ട്.
എന്നാല്‍ ഇതുതന്നെയാണ് ചോളത്തിന്‍റെ വിലയെന്നും കാറില്‍ വന്നിറങ്ങിയത് കൊണ്ട് വില കൂട്ടി പറഞ്ഞതല്ല എന്നും ചെറുചിരിയോടെ ബാലൻ മറുപടിയായി പറയുന്നുണ്ട്. ഒടുവില്‍ ബാലൻ പറഞ്ഞ അതേ വിലയ്ക്കാണ് മന്ത്രി ചോളം വാങ്ങിക്കുന്നത്.
ഇതിന്‍റെ വീഡിയോ മന്ത്രി തന്നെയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ വഴിയോരക്കച്ചവടം ( Street Seller ) നടത്തുന്ന കര്‍ഷകരെയും കച്ചവടക്കാരെയുമെല്ലാം സാധനങ്ങള്‍ വാങ്ങി പിന്തുണയ്ക്കണമെന്നും, ഇതിലൂടെ മായമില്ലാത്ത ഭക്ഷണം നമുക്ക് ലഭിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി വീഡിയോ പങ്കുവച്ചത്.
എന്നാല്‍ വഴിയരികില്‍ കച്ചവടം ചെയ്യുന്ന ബാലനുമായി വിലപേശല്‍ നടത്തിയതിന് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപി മന്ത്രിയായ കുലസ്തെയുടെ രീതി ശരിയായില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ഉയര്‍ത്തിയ സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ അടക്കം വില ഉയര്‍ന്നതും കൂട്ടത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
മന്ത്രിയുടെ വീഡിയോ കാണാം...
Also Read:- തെരുവ് ഭക്ഷണശാലയിലെ സ്ത്രീക്കൊപ്പം പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി; വീഡിയോ