ദോശ മാവിൽ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...
ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നതുകൊണ്ടു തന്നെ പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോകാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കണം.
ഉപ്പ് കുറച്ചു കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നതുകൊണ്ടു തന്നെ പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോകാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കണം. അത്തരത്തില്‍ ദോശ മാവിലും കറിയിലുമൊക്കെ ഉപ്പ് കൂടിയാല്‍ എന്തുചെയ്യണമെന്ന് പങ്കുവയ്ക്കുകയാണ് യൂട്യൂബറായ ജോപോൾ.
1. ദോശ മാവിൽ ഉപ്പ് കൂടിയാൽ
ദോശ മാവില്‍ ഉപ്പ് കൂടിയാല്‍ കുറച്ചു ബ്രെഡ് മിക്സിയിലിട്ട് ക്രഷ് ചെയ്ത് എടുക്കുക. ശേഷം ബ്രെഡ് പൊടി ദോശമാവിന്‍റെ ഒപ്പം ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ചാൽ മതി ദോശമാവിലെ ഉപ്പു വേഗം കുറഞ്ഞു കിട്ടും.
രണ്ടാമത് ഓട്സ് കൊണ്ടുള്ള ടിപ്പാണ്. ഇതിനായി ഓട്സ് കുറച്ച് മിക്സിയുടെ ജാറിൽ ഇട്ടു നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ഇവ ദോശമാവിലേക്ക് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.
2 ചട്നിയിൽ ഉപ്പ് കൂടിയാൽ
ചട്നിയിൽ ഉപ്പു കൂടിയാൽ എന്ത് ചെയ്യും? വഴിയുണ്ട്, ഇതിനായി നല്ല കുറുകിയ തേങ്ങാപ്പാല്‍ കുറച്ച് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ചാൽ മാത്രം മതിയാവും, ചട്നിയുടെ സ്വാദും കൂടും ഉപ്പും കുറയും.
3. തോരനിൽ ഉപ്പ് കൂടിയാൽ
തോരനില്‍ ഉപ്പു കൂടിയാലും കുറുകിയ തേങ്ങാപാൽ ചേർത്ത് കൊടുത്ത് യോജിപ്പിച്ചാല്‍ മതി. ഉപ്പ് കുറയും.
4. കറികളിൽ ഉപ്പ് കൂടിയാൽ
പലര്‍ക്കും പതിവായി സംഭവിക്കുന്ന പ്രശ്നമാണ് കറികളിൽ ഉപ്പ് കൂടുന്നത്. ഇതിനായി ചപ്പാത്തി മാവിന് കുഴക്കുന്ന പോലെ ഗോതമ്പ് മാവിനെ ഒന്ന് കുഴച്ചെടുക്കാം. ശേഷം ഇവയെ ചെറിയ ഉരുളകളാക്കി കറിയിലേക്ക് ഇട്ടുകൊടുക്കാം. വീണ്ടും കറി ഒന്ന് തിളപ്പിച്ചെടുക്കുമ്പോള്‍ ഉപ്പ് എല്ലാം ഈ ഒരു ഗോതമ്പുമാവ് വലിച്ചെടുക്കുകയും ചെയ്യും. ഉപ്പു പെട്ടെന്ന് തന്നെ ബാലൻസ് ആകുമ്പോള്‍ കറികളില്‍ നിന്ന് ഗോതമ്പുമാവ് എടുത്ത് മാറ്റാം.
5. മോര് കറിയിൽ ഉപ്പ് കൂടിയാൽ
പൊതുവെ നമ്മൾ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒന്നാണ് മോരു കൂട്ടാൻ. ഇവയില്‍ ഉപ്പ് കൂടിയാല്‍ എന്തുചെയ്യും? ഇതിനായി നല്ല കട്ട തൈര് കുറച്ചു കൂടി ചേർത്തു കൊടുക്കുക. ഇനി പുളിയുടെ ആവശ്യമില്ല എന്നുണ്ടെങ്കിൽ തേങ്ങാപ്പാൽ കുറുകിയത് ചേർത്തു കൊടുത്താലും മതി. പെട്ടെന്ന് ഉപ്പ് കുറയുകയും ചെയ്യും കറിക്ക് കുറച്ചു കൂടി സ്വാദ് കൂടുകയും ചെയ്യും.
6. മസാല കറികളിൽ ഉപ്പ് കൂടിയാൽ
മസാല കറികളിൽ ഉപ്പ് കൂടിയാൽ കുറച്ചു ഉരുളകിഴങ്ങ് ചേർത്തു കൊടുത്താൽ മതി, ഉപ്പ് കുറയും. അതുപോലെ ചോറ് കിഴി കെട്ടി കറി തിളക്കുമ്പോൾ ചേർത്താൽ ഉപ്പ് മുഴുവനും ചോറ് വലിച്ചെടുത്തു കറിയില്‍ ഉപ്പ് കുറയ്ക്കാൻ സാധിക്കും.
Also read: ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?