Iftar Meals : കരുതലിന്‍റെ രുചി; നോമ്പ് തുറക്കാന്‍ ട്രെയിന്‍ യാത്രികന് സ്നാക്സുമായി പാന്‍ട്രി ജീവനക്കാ‍‍ര്‍

വ്രതത്തോടെ ഹൗറ- റാഞ്ചി ശതാബ്ദി എക്‌സ്പ്രസില്‍ യാത്രയിലായിരുന്നു ഷാനവാസ് അക്തര്‍. ഇതിനിടെ ചായയുമായി എത്തിയ പാന്‍ട്രി ജീവനക്കാരനോട്, താന്‍ റംസാന്‍ വ്രതത്തിലാണ്, അല്‍പസമയത്തിന് ശേഷം നോമ്പ് തുറക്കാനുള്ള സമയത്ത് ചായ എത്തിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു

train passenger gets iftar meals from pantry staff

നോമ്പുകാല യാത്രകള്‍ വിശ്വാസികളെ ( Ramzan Fasting )  സംബന്ധിച്ചിടത്തോളം അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്. പുലര്‍കാലത്ത് ബാങ്ക് വിളിക്ക് മുന്നോടിയായി ലഘുഭക്ഷണം ( Eating Snacks ) കഴിച്ച് നമസ്‌കാരവും കഴിഞ്ഞ് ദിവസം മുഴുവന്‍ നീളുന്ന വ്രതത്തിലേക്ക് കടക്കുന്നവരാണ് വിശ്വാസികള്‍. 

മണിക്കൂറുകളോളമാണ് വെള്ളമോ ഭക്ഷണമോ ഇല്ലാതെ വ്രതശുദ്ധിയില്‍ തുടരുന്നത്. ഇത് സന്ധ്യാസമയത്തെ ബാങ്ക് വിളിയോടെയാണ് ( മഗ്രിബ്) അവസാനിക്കുന്നത്. ഏത് നേര്‍ച്ചയിലാണോ വ്രതത്തിലേക്ക് കടന്നത്, അതേ നേര്‍ച്ചയുടെ സംതൃപ്തിയിലും സന്തോഷത്തിലും വിശ്വാസികള്‍ ശീതളപാനീയങ്ങളോ കാരക്കയോ കഴിച്ച് വ്രതം അവസാനിപ്പിക്കുന്നു. 

ദീവസം മുഴുവന്‍ നീണ്ട വ്രതത്തിന്റെ ക്ഷീണം കടക്കാന്‍ പഴങ്ങളും പാനീയങ്ങളുമാണ് ആദ്യം കഴിക്കുക. ഇതിന് ശേഷം മാത്രം ഭക്ഷണം. യാത്രകളിലാണെങ്കില്‍ ഈ ചിട്ടകളെല്ലാം തെറ്റും. നോമ്പ് തുറക്കാന്‍ ശീതളപാനീയങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയുണ്ടാകാം. കാരക്കയോ പഴങ്ങളോ കിട്ടാതിരിക്കാം. എങ്കിലും കിട്ടുന്നത് എന്താണെന്ന് വച്ചാല്‍ അതില്‍ തൃപ്തരാകുന്നവരാണ് വിശ്വാസികള്‍. 

ഇപ്പോഴിതാ യാത്രാവേളയില്‍ നോമ്പുതുറയ്ക്ക് അപ്രതീക്ഷിതമായി തനിക്ക് കിട്ടിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും രുചിയെ വിസ്മരിക്കുകയാണ് ഒരു വിശ്വാസി. വ്രതത്തോടെ ഹൗറ- റാഞ്ചി ശതാബ്ദി എക്‌സ്പ്രസില്‍ യാത്രയിലായിരുന്നു ഷാനവാസ് അക്തര്‍. 

ഇതിനിടെ ചായയുമായി എത്തിയ പാന്‍ട്രി ജീവനക്കാരനോട്, താന്‍ റംസാന്‍ വ്രതത്തിലാണ്, അല്‍പസമയത്തിന് ശേഷം നോമ്പ് തുറക്കാനുള്ള സമയത്ത് ചായ എത്തിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഇതിലൂടെ അക്തര്‍ വ്രതത്തിലാണെന്നും അദ്ദേഹത്തിന് നോമ്പുതുറക്കാന്‍ ഭക്ഷണമില്ലെന്നും മനസിലാക്കിയ ജീവനക്കാരന്‍ ഇക്കാര്യം പാന്‍ട്രിയിലെ മാനേജറെ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ അക്തറിന് നോമ്പുതുറക്കാനുള്ള സ്‌നാക്‌സ് എത്തിക്കുകയായിരുന്നു. പാന്‍ട്രിയിലെ ജീവനക്കാരും നോമ്പുതുറക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും അതേ കോച്ചില്‍ തന്നെയുള്ള അക്തര്‍ വ്രതത്തിലാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കൂടിയുള്ള ഭക്ഷണം നല്‍കാന്‍ ജീവനക്കാരെല്ലാം ഉത്സാഹിക്കുകയായിരുന്നുവെന്നും കാറ്ററിംഗ് സൂപ്പര്‍വൈസര്‍ പ്രകാശ് കുമാര്‍ ബെഹ്‌റ പറയുന്നു. 

തനിക്ക് ലഭിച്ച ഇഫ്താര്‍ സ്‌നേഹം ഫോട്ടോസഹിതം അക്തര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യന്‍ റെയില്‍വേയ്‌സിനെയും റയില്‍വേ മന്ത്രാലയത്തിനെയുമെല്ലാം ടാഗ് ചെയ്തായിരുന്നു അക്തറിന്റെ ട്വീറ്റ്.

 

 

തുടര്‍ന്ന് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് അക്തറിന് ട്വീറ്റിലൂടെ മറുപടിയും നല്‍കി. അക്തറിന്റെ വാക്കുകള്‍ ഇന്ത്യന്‍ റെയില്‍വേ കുടുംബത്തെ ആകെയും സ്പര്‍ശിച്ചുവെന്നും മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ റംസാന്‍ സമയത്ത് ട്രെയിനുകളില്‍ വിശ്വാസികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറില്ലെന്നും ഈ കേസ് പാന്‍ട്രി ജീവനക്കാരുടെയും മാനേജരുടെയും പ്രത്യേക താല്‍പര്യാര്‍ത്ഥം നടന്നതാണെന്നുമാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. 

നവരാത്രി സമയത്ത് ട്രെയിനുകളില്‍ വിശ്വാസികള്‍ക്ക് 'ഉപവാസ് മീല്‍സ്' ലഭിക്കാറുള്ളതും ഈ സമയങ്ങളില്‍ ട്രെയിനുകളില്‍ പ്രത്യേക മെനു തന്നെ ഉണ്ടാകാറുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- ആലപ്പുഴയിലും റമദാൻ വിഭവങ്ങളിൽ മലബാർ ആധിപത്യം!

Latest Videos
Follow Us:
Download App:
  • android
  • ios