ചായ കുടിക്കും മുമ്പ്
ഒരിക്കൽ ചായയുണ്ടാക്കി ഉപയോഗിച്ച് അരിച്ച് ഉപേക്ഷിക്കുന്ന ചായപ്പൊടി ശേഖരിച്ച് പുതിയ ചായപ്പൊടിക്കൊപ്പം കലർത്തി, തിരിച്ചറിയാതിരിക്കാൻ കൃത്രിമ നിറങ്ങളും എസെൻസും കലർത്തി വിപണിയിലെത്തിക്കുന്നു. മോശം തേയിലകളും വല്ലാതെ മൂത്ത തേയിലകളും പൊടിച്ച് ഇങ്ങനെ കലർത്തി വരുന്നുണ്ട്.
ചായ കുടിക്കുകയേ ചെയ്യാത്തവർ അപൂർവ്വമായിരിക്കും. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ചായ മനുഷ്യരുടെ ഭക്ഷണത്തിലെ ഒരവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. വലിയ ചരിത്രവും ഈ ലഘുപാനീയത്തിനുണ്ട്. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയം ചായയാണത്രെ! ഒരു ചായപ്പുറത്താണ് നമ്മുടെ മിക്ക ചർച്ചകളും സന്ദർശനങ്ങളും ഒക്കെ. ജാപ്പനീസ് സംസ്കാരത്തിൽ ചായസൽക്കാരത്തോളം വലിയ അതിഥിപൂജ വേറൊന്നില്ല. എന്നാൽ തീർത്തും അപകടകരമായ ഒട്ടേറെ മായങ്ങളുടെ കലവറ കൂടിയാണ് ഇന്ന് നമ്മുടെ അടുപ്പിൽ തിളച്ചുമറിയുന്ന ചായപ്പൊടികളിൽ പലതും എന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ വ്യക്തമാക്കുന്നു. വീട്ടിൽ തന്നെ സൂക്ഷനിരീക്ഷണത്തിലൂടെ തിരിച്ചറിയാവുന്നതു മുതൽ ലാബുകളിലെ പരിശോധനകളിലൂടെ മാത്രം കണ്ടെത്താവുന്ന മായങ്ങൾ വരെ ചായയിലുണ്ട്.
പല തരം ചായകൾ
പല തരം ചായകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ചായ വളരുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി നീലഗിരി ചായ, ഡാർജിലിങ് ചായ, ആസ്സാം ചായ തുടങ്ങിയ വകഭേദങ്ങളുണ്ട്. അതാതു സ്ഥലങ്ങളുടെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉയരവും കാലാവസ്ഥയുമൊക്കെ ഈ ചായകളുടെ രുചിയെ വേറിട്ടതാക്കുന്നു. തേയില ചായപ്പൊടിയാക്കുന്ന പ്രക്രിയയിലെ വ്യത്യാസങ്ങൾ കൊണ്ടാണ് മറ്റൊരു വേർതിരിവ്. ബ്ലാക്ക് ടീ, ഗ്രീൻ ടീ, വൈറ്റ് ടീ എന്നിങ്ങനെ. എന്നാൽ 'കടുപ്പത്തിൽ ഒരു ചായ' വേണമെന്നുള്ളവർക്ക് ബ്ലാക്ക് ടീയേ രുചികരമാകൂ താനും. ഇതു കൂടാതെ നാരങ്ങ, ഇഞ്ചി, മസാല തുടങ്ങി പലതരം ഫ്ലേവറുകൾ ചേർത്ത ചായയും ഇന്ന് വിപണിയിൽ ലഭ്യമാണ്.
ആരോഗ്യകരമായി ഗുണവും ദോഷവും ഉള്ള ഒന്നാണ് ചായ. ചായ അധികം കുടിക്കരുതെന്നാണ് ഡോക്ടർമാരുടെ പൊതു ഉപദേശങ്ങളിൽ ഒന്ന്. എന്നാൽ ഇതിലെ ആന്റി ഓക്സൈഡ്സ് ആരോഗ്യത്തിന് ഗുണമാണെന്നും ആരോഗ്യരംഗത്തുള്ളവർ പറയുന്നുണ്ട്. രോഗപ്രതിരോധശേഷിക്കും കോശങ്ങളുടെ ആരോഗ്യത്തിനും ഇത് സഹായകമത്രെ. ഹൃദ്രോഗത്തേയും അമിതവണ്ണത്തേയും ചെറുക്കാനും ചായയിലെ ഘടകങ്ങൾക്കു കഴിയും. ചായ ദഹനത്തെ ഉദ്ദീപിപ്പിക്കുകയും എല്ലുകൾക്ക് ബലമേകുകയും ചെയ്യും.
മായം ചായമായി!
ചായയുടെ വർദ്ധിച്ച ആവശ്യകതയാണ് മായം ചേർക്കലിനു പ്രധാന കാരണം. ഗ്രീൻ, വൈറ്റ് ടീകളേക്കാളേറെ ബ്ലാക്ക് ടീയിലാണ് മായം ചേർക്കൽ കൂടുതൽ. ഹോട്ടലുകളിലൊക്കെ മുഖ്യമായി ഉപയോഗിക്കുന്നത് ബ്ലാക്ക് ടീയാണല്ലോ. ചായയിലെ പ്രധാന മായം ചായം ചേർക്കലാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ ചായയുണ്ടാക്കി ഉപയോഗിച്ച് അരിച്ച് ഉപേക്ഷിക്കുന്ന ചായപ്പൊടി ശേഖരിച്ച് പുതിയ ചായപ്പൊടിക്കൊപ്പം കലർത്തി, തിരിച്ചറിയാതിരിക്കാൻ കൃത്രിമ നിറങ്ങളും എസെൻസും കലർത്തി വിപണിയിലെത്തിക്കുന്നു. മോശം തേയിലകളും വല്ലാതെ മൂത്ത തേയിലകളും പൊടിച്ച് ഇങ്ങനെ കലർത്തി വരുന്നുണ്ട്. പ്രഷ്യൻ ബ്ലൂ, ബിസ്മാർക്ക് ബ്രൗൺ, ഇൻഡിഗോ, പ്ലംബാഗോ (ഗ്രാഫൈറ്റ്), കോൾ ടാർ ഡൈ, അസോ ഡൈ, ജിപ്സം തുടങ്ങിയവയൊക്കെ മോശം ചായപ്പൊടി തിരിച്ചറിയാതിരിക്കാനായി നിറം നൽകാനുപയോഗിക്കുന്ന വസ്തുക്കളാണ്. തൂക്കം കൂടാനായി ലോഹത്തരികളും മണലും ചിക്കറിയും സെറിയൽ സ്റ്റാർച്ചും സോപ്പ് സ്റ്റോൺ പൊടിച്ചതുമൊക്കെ പാക്കറ്റുകളിൽ കലർത്തി വില്പനക്കെത്തിക്കുന്നവരും ഉണ്ട്.
ഇരട്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
ചായ പൊതുവേ നല്ലതല്ലെന്ന അഭിപ്രായമുണ്ടെന്ന് നമുക്കറിയാം. മായം അതിനെ അങ്ങേയറ്റം വഷളാക്കുക കൂടി ചെയ്യുന്നു. പെൻസിലിന്റെ ലെഡ് (ഗ്രാഫൈറ്റ്) ആണ് ചായയിൽ ചേർക്കുന്ന പദാർത്ഥങ്ങളിൽ ഒന്ന് എന്നു നാം കണ്ടു. മനുഷ്യശരീരത്തിൽ വിഷമായി പ്രവർത്തിക്കുന്ന ഒന്നാണ് മറ്റൊരു ചായമായ പ്രഷ്യൻ ബ്ലൂ. ലോഹത്തരികളും മറ്റും ഇട്ട് തിളപ്പിച്ച വെള്ളം ചായയെന്നു കരുതി ദിവസവും കുടിച്ചാൽ എന്താവുമെന്നും പറയേണ്ടതില്ലല്ലോ. ചായയുടെ ചെറിയ ചെറിയ ഗുണങ്ങളെപ്പോലും ഈ മായങ്ങൾ തകിടം മറിക്കുന്നു. ഗുരുതരമായ കരൾ രോഗങ്ങളും ഹൃദ്രോഗവും ക്യാൻസറും വൃക്ക തകരാറും സന്ധികളിൽ വേദനയും ഒക്കെ ഈ മായം ചേർത്ത ചായ ഉണ്ടാക്കിത്തരും. അൾസറും ആസ്ത്മയുമൊക്കെ ഉണ്ടാക്കുന്നവയാണ് കോൾ ടാർ ചായങ്ങൾ പോലുള്ള മായങ്ങൾ.
മായം അറിയാൻ
ചായപ്പൊടിയിൽ ഇരുമ്പുതരികൾ കലർത്തിയിട്ടുണ്ടെങ്കിൽ ഒരു ഗ്ലാസ് പാത്രത്തിലോ കടലാസിലോ ചായപ്പൊടിയിട്ട് അടുത്തേക്ക് ഒരു കാന്തം കൊണ്ടുവന്നാൽ അറിയാം. കാന്തത്തിലേക്ക് ചായപ്പൊടി പറ്റിപ്പിടിക്കുന്നെങ്കിൽ അതിൽ ലോഹാംശമുണ്ട്.ചായയിൽ കൃത്രിമ നിറങ്ങൾ വല്ലാതെ ചേർത്തിട്ടുണ്ടെങ്കിൽ അല്പം പൊടി വിരലുകൾക്കിടയിലിട്ടു നന്നായി തിരുമ്മിയാൽ തന്നെ ചിലപ്പോൾ അറിയാൻ പറ്റും. വിരലിൽ കറ പിടിച്ചാൽ മായത്തിന്റെ ലക്ഷണമാണ്. ഈർപ്പമുള്ള ബ്ലോട്ടിങ്ങ് പേപ്പറിൽ ചായപ്പൊടിയിട്ടാൽ മഞ്ഞ, ഓറഞ്ച്, ചുമപ്പ് നിറങ്ങൾ പരക്കുന്നുവെങ്കിൽ അതും നിറം ചേർത്തതിന്റെ അടയാളമാണ്. ഒരു ഗ്ലാസ്സിൽ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ടാൽ ഉടനെ വെള്ളത്തിന്റെ നിറം മാറിയാൽ അതും ശുദ്ധമായ ചായപ്പൊടിയല്ല. ശുദ്ധമായ ചായപ്പൊടിയിൽ നിന്നും സത്ത് ചൂടുവെള്ളത്തിലേ ഊർന്നിറങ്ങുകയുള്ളൂ. കോൾ ടാർ ഡൈ, സിറിയൽ സ്റ്റാർച്ച്, ചിക്കറി തുടങ്ങിയവ ചേർത്തിട്ടുണ്ടോ എന്നറിയണമെങ്കിൽ അതിനായുള്ള ലബോറട്ടറി പരിശോധനകൾ നടത്തണം. പലതരം കൃത്രിമ നിറങ്ങളും മറ്റ് മായങ്ങളും തിരിച്ചറിയണമെങ്കിലും ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും