വണ്ണം കുറയ്ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ഈ മൂന്ന് സലാഡുകള്‍ പതിവാക്കാം...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ

three types of carrot salad for weight loss

വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിന് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം പിന്തുടരേണ്ടതായി വരാം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. പല ഭക്ഷണങ്ങളും നമ്മള്‍ പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം തന്നെ ചില ഭക്ഷണങ്ങളെങ്കിലും ഡയറ്റിലുള്‍പ്പെടുത്തുകയും ആവാം. 

ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മികച്ച സലാഡുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി കുറവുമാണ് എന്നതാണ് ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. ഫൈബര്‍ മാത്രമല്ല ധാരാളം ജലാംശവും നമ്മുടെ ആരോഗ്യത്തിനാവശ്യമായ വിവിധ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. 

വേറെയും ചില പ്രത്യേകതകള്‍ കൂടി ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്തുന്നതിന് പ്രേരിപ്പിക്കുന്നു. ക്യാരറ്റ്, നമുക്കറിയാം ഇളം മധുരമുള്ള രുചിയുള്ള പച്ചക്കറിയാണ്. ഈ മധുരവും നമ്മെ സംതൃപ്തിപ്പെടുത്തുമത്രേ. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാൻ നോക്കുന്നതിന്‍റെ ഭാഗമായി മധുരം ഒഴിവാക്കുമ്പോള്‍. വിശപ്പിനെ ശമിപ്പിക്കാനുള്ള കഴിവാണ് ക്യാരറ്റിന്‍റെ മറ്റൊരു പ്രത്യേകത. ഇതുമൂലം അമിതമായി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാകുന്നു. 

ഇനി ക്യാരറ്റ് കൊണ്ടുള്ള സലാഡുകളിലേക്ക്. ഇവ എങ്ങനെ തയ്യാറാക്കമെന്ന് മനസിലാക്കാം.

ഒന്ന്...

ക്യാരറ്റും കുക്കുമ്പറും ചേര്‍ത്തുള്ള സലാഡിനെ കുറിച്ചാണ് ആദ്യം പങ്കുവയ്ക്കുന്നത്. കലോറി തീരെ കുറഞ്ഞ, ഫൈബറിനാലും ജലാംശത്താലും വൈറ്റമിനുകളും ധാതുക്കളാലുമെല്ലാം സമ്പന്നമായ സലാഡ് ആയിരിക്കും ക്യാരറ്റ്- കുക്കുമ്പര്‍ സലാഡ്. 

ഇഷ്ടമുള്ള രീതിയില്‍ ഇതിനായി ക്യാരറ്റും കുക്കുമ്പറും മുറിച്ചെടുക്കാം. ഡ്രസിംഗായി ചെറുനാരങ്ങാനീരോ, വിനാഗിരിയോ, തേനോ. ഒലിവ് ഓയിലോ എല്ലാം ഉപയോഗിക്കാം. കൂട്ടത്തില്‍ ആവശ്യത്തിന് ഉപ്പും കുരുമുളകും.  ആവശ്യമെങ്കില്‍ മല്ലിയിലയും ഇതിലേക്ക് ചേര്‍ക്കാം. 

രണ്ട്...

അല്‍പം സ്പൈസൊക്കെ ഇഷ്ടമുള്ളവര്‍ക്ക് രസിക്കുന്ന സലാഡ് ആണ് അടുത്തത്. സ്പൈസി ക്യാരറ്റ് -ടൊമാറ്റോ സലാഡ്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തക്കാളിയാണ് ക്യാരറ്റിനെ കൂടാതെ ഈ സലാഡില്‍ പ്രധാന ചേരുവയായി ചേര്‍ക്കുന്നത്. 

ഗ്രേറ്റ് ചെയ്ത ക്യാരറ്റിനൊപ്പം ചെറുതായി മുറിച്ച തക്കാളിയും ചേര്‍ക്കണം. ഇനി ഇതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞതും, മുളകുപൊടിയും ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും. ചെറുനാരങ്ങാനീര്, ചാട്ട് മസാല, ജീരകപ്പൊടി, ഓയില്‍ എന്നിങ്ങനെ ഇഷ്ടമുള്ളവ ഡ്രസിംഗായി ഉപയോഗിക്കാം. 

മൂന്ന്...

ക്യാരറ്റിനൊപ്പം തന്നെ എപ്പോഴും പറയാറുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ക്യാരറ്റും ബീറ്റ്റൂട്ടും ചേര്‍ത്തുള്ളൊരു സലാഡാണ് അടുത്തത്. ആന്‍റി-ഓക്സിഡന്‍റ്സ്, മറ്റ് വിവിധ പോഷകങ്ങള്‍ എന്നിവയാലെല്ലാം സമ്പന്നമായിരിക്കും ഈ സലാഡ്. തുല്യമായ അളവില്‍ ക്യാരറ്റും ബീറ്റ്റൂട്ടും ഗ്രേറ്റ് ചെയ്തെടുത്തോ, ചെറുതായി മുറിച്ചോ എടുത്ത് ഇതിലേക്ക് ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേര്‍ക്കാം. ഒപ്പം ഒലീവ് ഓയിലും, ആവശ്യത്തിന് ഉപ്പും കുരുമുളകും. 

Also Read:- വെറുംവയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളും കഴിക്കരുതാത്ത ഭക്ഷണങ്ങളും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios