പാക്കറ്റില്‍ കിട്ടുന്ന ഈ അഞ്ച് ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമായേക്കാം...
ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിത ശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുപോലെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.
ക്യാൻസറിനെക്കുറിച്ച് കേൾക്കാത്ത ദിവസങ്ങളില്ല എന്നത് വാസ്തവമാണ്. ഓരോ ദിവസവും അത്രയധികം ക്യാൻസർ കേസുകളാണ് സമൂഹത്തിൽ കണ്ടുപിടിക്കപ്പെടുന്നത്. മാറിയ ജീവിത ശൈലിയും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ വ്യാപിക്കാനുളള പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിത ശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുപോലെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. പ്രത്യേകിച്ച് പാക്കറ്റുകളില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
സംസ്‌കരിച്ച മാംസം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, ഹോട്ട് ഡോഗ്സ്, സാന്‍ഡ്‌വിച്ച് തുടങ്ങിവയ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
രണ്ട്...
പാക്കറ്റില്‍ കിട്ടുന്ന ചിപ്സ്, കുക്കീസ് തുടങ്ങിയവയിലൊക്കെ അമിതമായി ട്രാന്‍സ് ഫാറ്റും മറ്റും അടങ്ങിയിട്ടുണ്ട്. ഇവയും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മറ്റ് ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്.
മൂന്ന്...
സോഡ, ഫ്രൂട്ട് ജ്യൂസുകൾ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങളും അമിതമാകരുത്. ഇത് അമിതവണ്ണത്തിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. അമിതവണ്ണവും ഇൻസുലിൻ പ്രതിരോധവും സ്തനാർബുദം, വൻകുടൽ, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയുൾപ്പെടെയുള്ള ചില ക്യാന്‍സറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാല്...
ടിന്നിലടച്ച ഭക്ഷണങ്ങളിൽ ബിസ്ഫെനോൾ എ (ബിപിഎ) അടങ്ങിയിരിക്കാം. ഇത് സ്തനാര്‍ബുദ്ദം, പ്രോസ്റ്റേറ്റ് ക്യാൻസര്‍ തുടങ്ങിയവയുടെ സാധ്യതയെ വർദ്ധിപ്പിക്കും.
അഞ്ച്...
മൈക്രോവേവില്‍ തയ്യാറാക്കുന്ന പോപ്‌കോണില്‍ പലപ്പോഴും പെർഫ്ലൂറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ) അടങ്ങിയിട്ടുണ്ട്. ഇത് വൃക്ക, വൃഷണം, പാൻക്രിയാറ്റിക് ക്യാൻസർ എന്നിവയുൾപ്പെടെയുള്ള ചില ക്യാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, മൈക്രോവേവ് പോപ്‌കോണിൽ ഡയസെറ്റൈൽ അടങ്ങിയിരിക്കാം. ഇത് വലിയ അളവിൽ ശ്വസിക്കുമ്പോൾ ശ്വാസകോശത്തിലെ കേടുപാടുകൾക്കും ക്യാൻസറിനും കാരണമാകുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശ്രദ്ധിക്കൂ, ഈ ഭക്ഷണങ്ങൾ ചിലര്‍ക്ക് സ്കിന്‍ അലർജിക്ക് കാരണമായേക്കാം...