മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കാനും മുട്ട കഴിക്കാം. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു.  

Symptoms Of Egg Allergy and Best Egg Alternatives azn

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒരു സാമാന്യം വലിപ്പമുള്ള മുട്ടയില്‍ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും അയേണും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.   ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീന്‍, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കാനും മുട്ട കഴിക്കാം. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു.   

എന്നാൽ മുട്ട ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുന്നവരുമുണ്ട്.  ചില വ്യക്തികൾക്ക്, മുട്ടയിലെ പ്രോട്ടീൻ അലർജിക്ക് കാരണമാകുന്നു.  മുട്ടയുടെ വെള്ളയിലും മുട്ടയുടെ മഞ്ഞയിലിലുമുള്ള പ്രോട്ടീനുകൾ  ബാഹ്യ പദാർത്ഥങ്ങളായി പ്രവർത്തിക്കുന്നതു മൂലമാണ് ചിലരില്‍ ഇത് അലര്‍ജിയുണ്ടാക്കുന്നത്. 

മുട്ട അലർജിയുടെ ലക്ഷണങ്ങള്‍...

മുട്ടകളോടുള്ള അലർജി ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. ചിലർക്ക് ചര്‍മ്മത്തില്‍ തിണർപ്പ്, വീക്കം എന്നിവ അനുഭവപ്പെട്ടേക്കാം. ചിലരില്‍ വയറുവേദന, ഓക്കാനം, ദഹനക്കേട്, വയറു വീർത്തിരിക്കുന്ന അവസ്ഥ എന്നിവയും നേരിടാം. മറ്റുചിലര്‍ക്ക് മുട്ട കഴിക്കുമ്പോള്‍ ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. ഇത്തരം അലര്‍ജി ലക്ഷണങ്ങള്‍ സാധാരണയായി മുട്ട കഴിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രകടമാകാം. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ, രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

എങ്ങനെ തടയാം? 

മുട്ട അലർജി തടയാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കുക എന്നതാണ്. പാക്കേജു ഭക്ഷണങ്ങള്‍ വാങ്ങുമ്പോൾ, ചേരുവകളുടെ പട്ടികയിൽ മുട്ടകൾ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. 

മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍... 

ഒന്ന്... 

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി പോഷകങ്ങള്‍ അടങ്ങിയ നേന്ത്രപ്പഴം മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്... 

ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.  ഹൃദയാരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ് വെള്ളം ദഹനത്തിനും മികച്ചതാണ്. ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും. 100 ഗ്രാം ചിയ വിത്തില്‍ 17 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ മുട്ടയ്ക്ക് പകരം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

ചെറുപയർ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബറും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയ ബദാമും മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

അഞ്ച്...

തൈര് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ തൈരും മുട്ടയ്ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുഖക്കുരുവിനോട് 'ബൈ' പറയാം; കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios