Health Tips: ഡയറ്റില്‍ ഓറഞ്ചിന്‍റെ തൊലി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
രോഗപ്രതിരോധശേഷി മുതല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഓറഞ്ച് സഹായകമാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്.
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വരെ ഓറഞ്ച് സഹായകമാണ്. ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്.
ഓറഞ്ചിന്‍റെ തൊലിയിലും വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഹെൽത്ത്‌ലൈനില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വെറും 1 ടേബിൾസ്പൂൺ ഓറഞ്ച് തൊലി വിറ്റാമിൻ സിയുടെ പ്രതിദിന മൂല്യത്തിന്‍റെ (ഡിവി) 14% നൽകുന്നു എന്നാണ്. ഇത് ഉള്ളിലെ പഴത്തേക്കാൾ ഏകദേശം 3 മടങ്ങ് കൂടുതലാണ്.
ഓറഞ്ചിന്‍റെ തൊലി ഹൃദയാരോഗ്യത്തിനും നല്ലതാണ് എന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. ചില കുടൽ ബാക്ടീരിയകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാന്‍ കാരണമാകാം. ദഹന സമയത്ത്, ഗട്ട് ബാക്ടീരിയകൾ ട്രൈമെത്തിലാമൈൻ എൻ-ഓക്സൈഡ് (TMAO) ഉത്പാദിപ്പിക്കുന്നു. ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാന്‍ ടിഎംഎഒയുടെ അളവ് കാരണമാകും. ഏറ്റവും പുതിയ ഗവേഷണത്തിന്‍റെ കണ്ടെത്തലുകൾ അനുസരിച്ച്, ഓറഞ്ച് തൊലി ഫൈറ്റോകെമിക്കലുകളാൽ സമ്പുഷ്ടമാണ്. ഇത് ട്രൈമെതൈലാമൈൻ (TMA) ഉത്പാദനം കുറയ്ക്കാൻ സഹായിക്കും. അത്തരത്തിലാണ് ഓറഞ്ചിന്‍റെ തൊലി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നത്.
ഇതിനായി നന്നായി കഴുകിയ ഓറഞ്ചിന്‍റെ തൊലി സ്മൂത്തിയിലോ സാലഡിലോ ചേര്‍ത്ത് കഴിക്കാം. അല്ലെങ്കില്‍ കട്ടന്‍ ചായ തയ്യാറാക്കുമ്പോഴും ഓറഞ്ചിന്‍റെ തൊലി പൊടിച്ചത് ചേര്‍ക്കാം. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്. മുഖത്തെ ചുളിവുകളെ തടയാനും മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. കൂടാതെ കരുവാളിപ്പ് അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
Also read: ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍